മലപ്പുറം: കേരള എന്‍ജിഒ സംഘിന്റെ 28-ാം സംസ്ഥാന സമ്മേളനം എട്ട് മുതല്‍ 10 വരെ അങ്ങാടിപ്പുറത്ത് നടക്കും. പത്തൊമ്പത് വര്‍ഷത്തിന് ശേഷം മലപ്പുറം ജില്ലയിലേക്കെത്തിയ സംസ്ഥാന സമ്മേളനം ഗംഭീരമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
എട്ടിന് വിഷയ നിര്‍ണ്ണയ യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും. ഒന്‍പതിന് രാവിലെ 10ന് അങ്ങാടിപ്പുറം കല്ല്യാണി ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ ലഫ്.കേണല്‍ നിരഞ്ജന് നഗറില്‍ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ബൈജ്നാഥ് റായ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കഥാകൃത്ത് പി.ആര്.നാഥന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. 10ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി സുരേന്ദ്ര താക്കൂര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തിനായി ക്ഷേത്രനഗരിയായ അങ്ങാടിപ്പുറം ഒരുങ്ങി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 675 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്, സ്വാഗതസംഘം കെ.പി.ബാലകൃഷ്ണന്, രവി തോട്ടത്തില്‍, സി.ബാബുരാജ്, പി.വിജയകുമാര്‍, മുരളി അരിപ്ര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: