കഞ്ചാവുമായി എറണാകുളം സ്വദേശികള്‍ പിടിയില്‍

Friday 2 December 2016 9:10 pm IST

രാജാക്കാട്: തമിഴ്‌നാട്ടില്‍ നിന്നും ബോഡിമെട്ട് വഴി ബാഗില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. എറണാകുളം ഓച്ചന്‍തുരുത്ത് അറയ്ക്കല്‍ സിജോ ജോസ്ലിന്‍(18), വൈപ്പിന്‍ പണ്ടാരപ്പറമ്പില്‍ അജിത് എന്‍ കുമാര്‍(18) എന്നിവരെയാണ് ബോഡിമെട്ട് എക്‌സൈസ് ചേക്‌പോസ്റ്റില്‍ പരിശോധനക്കിടയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത ഇരുവരും ബോഡിമെട്ട് ചെക്‌പോസ്റ്റിനു സമീപം വച്ച് ബസില്‍ നിന്നും ഇറങ്ങി നടന്നുവരുമ്പോഴാണ് സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിച്ചത്. സിജോ ജോസിന്റെ ബാഗില്‍ നിന്നും 57 പൊതികളിലായി 393 ഗ്രാം കഞ്ചാവും അജിത് എന്‍ കുമാറിന്റെ ബാഗില്‍ നിന്നും 540 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങി കൊച്ചിക്കു മടങ്ങുകയായിരുന്നു പ്രതികളെന്നാണ് വിവരം. വാഹനപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനാണ് ചെക്‌പോസ്റ്റിന് സമീപം ബസില്‍ നിന്നും ഇറങ്ങി നടന്നത്. സിജോ ജോസിന്റെ പേരില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കൈവശ വച്ചതിന് നിലവില്‍ രണ്ട് കേസുകളുണ്ട്. ഒരു കേസില്‍ ഏതാനും ദിവസം മുമ്പാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.