സത്രം റോഡില്‍ സൗകര്യങ്ങളൊരുക്കാതെ പഞ്ചായത്ത് ഒളിച്ച് കളി തുടരുന്നു

Friday 2 December 2016 9:11 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രംവഴി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഗ്രാമ പഞ്ചായത്ത് ഒളിച്ച് കളിക്കുന്നു. ഭക്തര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെ പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇത് മുതലെടുത്ത് സ്വകാര്യ കച്ചവടക്കാര്‍ പണം കൊയ്യുകയാണ്. ശബരിമലയിി ലേക്കുള്ള ആദ്യകാല വഴികളിലൊന്നാണ് സത്രംവഴിയുള്ള കാനനപാത. നിരവധി തീര്‍ത്ഥാടകരാണ് എല്ലാ വര്‍ഷവും ഇതുവഴി സന്നിധാനത്തേക്ക് പോകുന്നത്. പമ്പയിലും സന്നിധാനത്തും മണിക്കൂറുകള്‍ കാത്ത് നില്‍ക്കാതെ എളുപ്പത്തില്‍ ദര്‍ശനം നടത്തുന്നതിന് ഈ വഴി സഹായകരമാകുന്നതിനാലാണ് തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ളവരും ആന്ധ്രാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ വഴി തെരഞ്ഞെടുക്കുന്നത്. വന്യമൃഗങ്ങളാല്‍ സമൃദമായ വനത്തിലൂടെയുള്ള യാത്ര ഏറെ സാഹസങ്ങള്‍ നിറഞ്ഞതെങ്കിലും ഇന്നും നിരവധി പേരാണ് ഈ വഴി യാത്രചെയ്യുന്നത്. ആപത്തുകളില്‍ നിന്ന് തങ്ങളെ അയ്യപ്പന്‍ കാക്കുമെന്നും ഭക്തര്‍ പറയുന്നു. വണ്ടിപ്പെരിയാറില്‍ നിന്നും 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രം എത്തും. ഇവിടെ നിന്നും 12 കിലോമീറ്റര്‍ കാല്‍നടയാത്രചെയ്താല്‍ സന്നിധാനത്ത് എത്തുവാന്‍ കഴിയും. സത്രത്തില്‍ നിന്നും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമേ തീര്‍ത്ഥാടകരെ പോകുവാന്‍ അനുവദിക്കുകയുള്ളു. സത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വിരിവെയ്ക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളെയാണ് ആശ്രയിക്കുന്നത്. ഇതിന് വലിയ തുക നല്‍കേണ്ടതായും വരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മ്മിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് സ്ഥലം വിട്ട് നല്‍കിയാല്‍ മാത്രമേ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ കഴിയൂ. വണ്ടിപ്പെരിയാറില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. സത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, ശുചിമുറി, കുടിവെള്ളം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.