സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളും കുട്ടികളും

Friday 2 December 2016 9:18 pm IST

കോട്ടയം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണെന്ന് മാധ്യമ ശില്പശാലയില്‍ വിലയിരുത്തല്‍. നിലവിലെ പോലീസ് കണക്കുകള്‍ അനുസരിച്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രകാരമാണിത്. 'ഇന്റര്‍നെറ്റ് ദുരുപയോഗവും കുട്ടികള്‍ക്കെതിരെയുളള ചൂഷണവും' എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈഎസ്പി പി.യു. സുനില്‍ കുമാറാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതിവിവരം വെളിപ്പെടുത്തിയത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും പിഴയുമാണ്. ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ രേഖകള്‍ തന്നെ തെളിവായി ഉപയോഗിക്കാമെന്നതിനാല്‍ കുറ്റകൃത്യം തെളിയിക്കാന്‍ സാക്ഷികളുടെ പോലും ആവശ്യമില്ല. ഇന്റര്‍നെറ്റ് വഴി അശ്ലീലചിത്രം അയയ്ക്കുന്നതും സൈബര്‍ പരിധിയിലുള്ള കുറ്റകൃത്യമാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ മൊബൈല്‍ ദുരുപയോഗവും ഉള്‍പ്പെടും. പലരും സൈബര്‍കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത് സൈബര്‍ ലോകത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടും കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടുമാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും ഇരയാക്കപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും ശില്പശാല വിലയിരുത്തി. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ശില്പശാല ജില്ലാ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. ജെ. ബിനോയ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു, അമൃത ടി.വി. സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എം. ശ്രീജിത്ത്, പിആര്‍ഡി അസി. എഡിറ്റര്‍ സിനി കെ. തോമസ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ബി. ശ്രീകല എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.