മദ്യഷാപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ കേരളത്തിലേ കാണൂ: മന്ത്രി

Friday 2 December 2016 9:49 pm IST

കോഴിക്കോട്: കേരളത്തിലെ പോലെ മദ്യഷാപ്പിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ വേറെ എവിടെയുമുണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരളത്തിലെ പോലെ കുടിച്ചു കൂത്താടി നടക്കുന്നവരെ ഗോവയില്‍ പോലും കാണാനാകില്ല. സ്ത്രീകള്‍ പോലും ഗോവയില്‍ മദ്യം വാങ്ങി പോകാറുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്റെ ജില്ലാതല കമ്മിറ്റി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും നിരോധനമല്ല, വര്‍ജ്ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. ബോധവല്‍ക്കരണത്തിലൂടെ ലഹരി ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കാനും കൂടുതല്‍ പേര്‍ ലഹരി ഉപയോഗത്തിലേക്ക് കടക്കുന്നതും തടയാനാണ് സര്‍ക്കാര്‍ ശ്രമം. വിമുക്തി മിഷന്റെ ഭാഗമായി ഡീ അഡിക്ഷന്‍ സെന്റര്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. ഉള്ളവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. സാക്ഷരതാ പ്രസ്ഥാനം പോലെ ജനകീയ പ്രസ്ഥാനമാക്കി വിമുക്തി മിഷനെ മാറ്റാനാണ് ലക്ഷ്യം. മിഷന്റെ ഭാഗമായി സംസ്ഥാന തലം മുതല്‍ അയല്‍ക്കൂട്ടം വരെ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, കെ. ദാസന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.