സുപ്രീംകോടതി വിധി തിരിച്ചടി: മുരളീധരന്‍

Friday 2 December 2016 10:38 pm IST

തിരുവനന്തപുരം: ക്വാറി മാഫിയയ്ക്ക് അനുകൂലമായി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവുകളെ പരിപൂര്‍ണമായി പിന്തുണച്ചുകൊണ്ട് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കിയെടുക്കാന്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നു സുപ്രീംകോടതിയില്‍ വാദിച്ച എല്‍ഡിഎഫ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. ക്വാറി മാഫിയയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ സംയുക്തമായി നടത്തിയ ഒത്തുകളിയാണ് സുപ്രീംകോടതി തകര്‍ത്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് 2016 ജൂണ്‍ 26ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഈ വിധി. സന്തുലിത വികസനം പ്രധാനപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ക്വാറി ഉടമകളുടെ ആവശ്യം തള്ളിയത്. 2012 നവംബറിലും ഡിസംബറിലും 2014 ജനുവരിയിലും ക്വാറികള്‍ക്ക് അനുകൂലമായി യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് ഉത്തരവുകള്‍ ഇറക്കിയിരിക്കുന്നു. ഈ ഉത്തരവുകള്‍ ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തിറങ്ങിയ ഒട്ടനവധി വിവാദ ഉത്തരവുകള്‍ പിന്‍വലിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ ഉപസമിതി, കോടതിയുടെ വിമര്‍ശനത്തിനുപോലും വിധേയമായ ക്വാറികള്‍ക്ക് അനുകൂലമായിറങ്ങിയ ഉത്തരവുകളെക്കുറിച്ച് മൗനംപാലിച്ചു. മാത്രമല്ല, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തിറങ്ങിയ ഈ ഉത്തരവുകള്‍ക്ക് നിയമസാധുത ലഭിക്കുന്നതിനുവേണ്ടി ക്വാറി ഉടമകളെ സഹായിക്കുകയെന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ സുപ്രീംകോടതിയിലെടുത്തത്. എന്നാല്‍ ക്വാറി ഉടമകളുടെ ഈ നീക്കത്തിനെതിരേ അതിശക്തമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി ഉന്നയിച്ച വാദം തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കുകയായിരുന്നു. ക്വാറി മാഫിയയില്‍നിന്ന് വന്‍ തുക കൈക്കൂലി വാങ്ങി അവര്‍ക്കുവേണ്ടി ഒത്തുകളിക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്തത് എന്ന് വ്യക്തമാണ്. പരിസ്ഥിതി അനുകൂല വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം ക്വാറി മാഫിയയ്ക്കുവേണ്ടി നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിവിധിയെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.