കോണ്‍ഗ്രസുമായി സഖ്യത്തിന് വിരോധമില്ലെന്ന് അഖിലേഷ്

Friday 2 December 2016 10:52 pm IST

ലഖ്‌നൗ: അച്ഛനും അമ്മാവനുമായി മുഖ്യമന്ത്രി അഖിലേഷ് യാദവിന് പ്രശ്‌നമൊന്നുമില്ലെന്ന് സ്ഥാപിക്കാന്‍ നേതാക്കള്‍ രംഗത്ത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വോട്ടില്‍ വിളളലുണ്ടാക്കുമെന്ന മുലായംസിംഗ് യാദവിന്റെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ നടപടി. അടുത്ത കൊല്ലമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പാര്‍ട്ടിയിലെ ഭിന്നതകള്‍ മറനീക്കി പുറത്ത് വന്നത്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ ദോഷം ചെയ്‌തെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അച്ഛന്‍ മുലായംസിംഗ് യാദവും അമ്മാവന്‍മാരായ ശിവപാലും രാം ഗോപാലുമായി ചര്‍ച്ച ചെയ്ത് ഭിന്നതകള്‍ പരിഹരിച്ചെന്നാണ് പാര്‍ട്ടിയിലെ ഉന്നത വൃത്തങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പുറത്താക്കിയ മന്ത്രിമാരെ ചൊല്ലിയായിരുന്നു വിവാദം. പുറത്താക്കിയവര്‍ക്ക് വീണ്ടും തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് സൂചന. പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന സൂചന നല്‍കാനും അതുവഴി പാര്‍ട്ടിയില്‍ അനൈക്യമില്ലെന്ന് സ്ഥാപിക്കാനും കഴിയുമെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ബിഎസ്പിയും മറ്റും മുതലെടുക്കുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് സമാജ് വാദി പാര്‍ട്ടിയ്ക്ക് വൈമുഖ്യമില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. എന്നാല്‍ ബിഎസ്പിയുമായി യാതൊരു സഹകരണത്തിനുമില്ല. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്റേതാകുമെന്നും തന്നെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനോട് അഖിലേഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നേ ഒരു പാര്‍ട്ടികളുമായും സഖ്യമുണ്ടാകില്ലെന്ന് കഴിഞ്ഞ മാസം മുലായം സിംഗ് യാദവ് വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.