ഭരണത്തണലില്‍ സ്റ്റേഷനാക്രമണം: ഡിഫി ഗുണ്ടകളെ പിടിക്കാന്‍ പോലീസിന് ഭയം

Friday 2 December 2016 11:18 pm IST

വെള്ളറട: ഭരണത്തിന്റെ തണലില്‍ സ്റ്റേഷനാക്രമിച്ച് പോലീസുകാരന്റെ തല എറിഞ്ഞു പൊളിച്ച ഡിവൈഎഫ്‌ഐ ഗുണ്ടകളെ പിടികൂടാന്‍ വെള്ളറട പോലീസിന് ഭയം. വ്യാഴാഴ്ചയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഡിവൈഎഫ്‌ഐ ഗുണ്ട പ്രിന്‍സിനെ പിടികൂടി പോലീസ് റിമാന്‍ഡ് ചെയ്തത്. ബോധക്കേട് നാടകമുള്‍പ്പെടെ നടത്തിനോക്കിയ പ്രിന്‍സിനെ അവസാനം നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പകല്‍ പ്രിന്‍സിനെ മോചിപ്പിക്കാനായി സിപിഎം - ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിര്‍ദ്ദേശാനുസരണം ബോധക്ഷയ നാടകം നടത്തിയ പ്രിന്‍സിനെ പോലീസ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രിന്‍സിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രിന്‍സിന്റെ വക്കാലത്തുമായി സ്റ്റേഷനിലെത്തിയ ആനാവൂര്‍ നാഗപ്പന്‍ സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ പ്രതിഷേധവുമായി സംഘടിച്ചെത്തിയ ഡിഫി ഗുണ്ടകള്‍ വെള്ളറട സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. പോലീസുകാര്‍ക്കു നേരെ നടത്തിയ കല്ലേറിലാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ ആര്‍ ക്യാമ്പിലെ പ്രശാന്ത് എന്ന പോലീസുകാരന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റത്. പ്രശാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സിഐയുടെ ജീപ്പ്, സ്റ്റേഷനിലെ ജനാല ചില്ലുകള്‍, കമ്പ്യൂട്ടര്‍ എന്നിവയും ഡിഫി ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. പ്രതികളെ എല്ലാവരെയും പോലീസ് വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയുന്നവരുള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ടെങ്കിലും ആഭ്യന്തരവകുപ്പ് കയ്യാളുന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വാക്ക് ധിക്കരിച്ച് നടപടിയെടുക്കാന്‍ പോലീസുദ്യോഗസ്ഥര്‍ ഭയപ്പെടുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നേരിട്ടിടപെട്ടാണ് സ്റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വെള്ളറട സിഐ റാസിതിനെ റോഡിലിട്ട് തല്ലി തലയില്‍ കല്ലുകൊണ്ടിടിച്ച പ്രിന്‍സ് നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയില്‍ കയറി കണ്ടക്ടറെ തല്ലിയ കേസില്‍ ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.