കെഎംസി നമ്പര്‍ തര്‍ക്കം: കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഭിന്നത

Saturday 3 December 2016 12:01 am IST

കണ്ണൂര്‍: കെഎംസി നമ്പറിനെചൊല്ലി കണ്ണൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമായി. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. നേരത്തേ കണ്ണൂര്‍ മുനിസിപ്പാലിറ്റിയായിരുന്ന ഘട്ടത്തില്‍ 2550 ഓട്ടോറിക്ഷകള്‍ക്കായിരുന്നു കെഎംസി പെര്‍മിറ്റ് നഗരസഭാ അധികൃതര്‍ നല്‍കിയിരുന്നത്. 2010ലാണ് ഇവ നല്‍കിയതെങ്കിലും പിന്നീട് ഈ പെര്‍മിറ്റിനെ കുറിച്ച് സൂക്ഷ്മ പരിശോധനയോ മറ്റ് നടപടികളോ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. കണ്ണൂരിന് സമീപത്തുള്ള അഞ്ച് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി നഗരസഭ കോര്‍പ്പറേഷന്‍ ആക്കിയതോടെ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് കെഎംസി പെര്‍മിറ്റ് നല്‍കണമെന്ന ആവശ്യം ഉയരുകയായിരുന്നു. എന്നാല്‍ ഇതിനെ നേരത്തെ പെര്‍മിറ്റുള്ള ഡ്രൈവര്‍മാര്‍ എതിര്‍ത്തതോടെയാണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരില്‍ ഭിന്നത രൂക്ഷമായത്. ഇതോടെ ഡ്രൈവര്‍മാര്‍ രണ്ട് ചേരിയിലായി മാറുകയും ഇതിനെ ചൊല്ലി വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉടലെടുക്കുകയും ചെയ്യുകയായിരുന്നു. കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതി രൂപീകരിക്കുകയും എതിര്‍ക്കുന്നവര്‍ കെഎംസി കൂട്ടായ്മ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും ചെയ്തു. വിവിധ യൂണിയനുകളില്‍പെട്ടവര്‍ ഇരുവിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവിഭാഗവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍, ആര്‍ടിഒ, പോലീസ് അധികൃതര്‍, യൂണിയന്‍ നേതാക്കളും ഓട്ടോറിക്ഷാ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം മേയറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതുവരെ കെഎംസി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ ഓടിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ കഴിഞ്ഞ ദിവസം ചില ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇങ്ങനെ സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ മറുവിഭാഗം തടഞ്ഞപ്പോള്‍ പോലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രഭാത് ജംഗ്ഷന്‍ മുതല്‍ ടൗണ്‍ വരെ ഒരുമിച്ച് ഓട്ടോ ഓടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെ കെഎംസി കൂട്ടായ്മയില്‍പെട്ടവര്‍ ആര്‍ടിഒ ഓഫീസിലെത്തി പെര്‍മിറ്റില്ലാത്തവര്‍ സര്‍വ്വീസ് നടത്തിയാല്‍ തങ്ങള്‍ തടയുമെന്നും ഓട്ടോറിക്ഷകള്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇത്തരം ഓട്ടോറിക്ഷകള്‍ തടഞ്ഞ് ആയിരം രൂപ പിഴയീടാക്കിയതായും ആരോപണമുണ്ട്. കെഎംസി പെര്‍മിറ്റിന് 350 രൂപ മതിയായിരിക്കെ ആയിരം രൂപ പിഴ ഈടാക്കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആര്‍ടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഇരുവിഭാഗവും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പോലീസെത്തിയാണ് ഇരുവിഭാഗത്തെയും ഒഴിവാക്കിയത്. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥ വീണ്ടും ഉടലെടുക്കാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.