ക്രിസ്മസ് രാവുകള്‍ക്ക് പകിട്ടേകാന്‍ വിപണി സജീവം

Sunday 9 April 2017 11:26 am IST

നോട്ടു പ്രതിസന്ധി തെല്ലും ബാധിക്കാതെ ക്രിസ്മസിനെ വരവേല്ക്കാന്‍ വിപണികള്‍ സജീവമായി. മുന്‍ കാലങ്ങളില്‍ ഡിസംബര്‍ അവസാനത്തോടെ തിരക്കേറുന്ന ക്രിസ്മസ് വിപണി ഇക്കുറി ആദ്യവാരത്തോടെ തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്തക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ അലങ്കാര വിസ്മയമാണ് ഇക്കുറി കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ഒരുക്കിയിരിക്കുന്നത്. പുല്‍ക്കൂടൊരുക്കാന്‍ ചൈനീസ് രൂപങ്ങള്‍, വിവിധ നിറങ്ങളിലുള്ള ബോളുകള്‍, വര്‍ണകടലാസില്‍ തീര്‍ത്ത ഗിഫ്റ്റ് ബോസുകള്‍, അലങ്കാര മണികള്‍, ക്രിസ്മസ് ബാനറുകള്‍, ബലൂണുകള്‍ അങ്ങനെ നീളുന്നു... സിനിമാ രംഗത്തു ചരിത്രം കുറിച്ച പുലിമുരുകന്റെ പേരിലുള്ള നക്ഷത്രമാണ് വിപണിയില്‍ താരമായി നില്‍ക്കുന്നത്. ഇതിന് വിപണിയില്‍ ആവശ്യക്കാരേറയാണ്. മോഹന്‍ലാലിന്റെയും പുലിയുടേയും ഗ്രാഫിക്സ് ചിത്രങ്ങളടങ്ങിയതാണ് ഇത്. ആദ്യമെത്തിയ ഇത്തരം നക്ഷത്രങ്ങള്‍ നിലവില്‍ പലയിടത്തും വിറ്റു തീര്‍ന്നു. വിപണി കൈയടക്കിയിരിക്കുന്ന മറ്റൊരു മുഖ്യ ആകര്‍ഷണമാണ് എല്‍ഇഡി നക്ഷത്രങ്ങള്‍. പലവര്‍ണങ്ങളിലായി മിന്നിത്തിളങ്ങുന്ന ഇത്തരം താരകങ്ങള്‍ പ്രധാന ആകര്‍ഷണം തന്നെയാണ്. 700 രൂപാ മുതലുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകളും വിപണിയില്‍ ലഭ്യമാണ്. മരക്കമ്പുകളും പാഴ് വസ്തുക്കളും ഉള്‍പ്പടെയുള്ള നാടന്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പുല്‍ക്കൂടുകളും വിപണിയിലുണ്ട്. ഈറ്റയും ചൂരലും കാര്‍ഡ് ബോര്‍ഡുകളും ഉപയോഗിച്ചുള്ള പുല്‍ക്കൂടുകള്‍ക്ക് ആയിരം രൂപവരെയാണ് വില. കരകൗശലമേഖലയില്‍ പുല്‍ക്കൂടു നിര്‍മ്മാണം സജീവമായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുമാണ് പുല്‍ക്കൂടുകള്‍ ഏറെയും എത്തുന്നത്. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇപ്പോള്‍ക്രിസ്മസ് വിപണിയില്‍ സജീവ പങ്കാളികളാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പങ്കിടാന്‍ ഇലക്ട്രോണിക് കാര്‍ഡുകളാണ് ഇത്തവണത്തെ പ്രത്യേകത. ഇത്തരം കാര്‍ഡുകള്‍ക്ക് 50 മുതല്‍ 100 വരെയാണ് വില. ക്രിസ്മസ് അടുക്കുമ്പോള്‍ കാര്‍ഡുകളുടെ വില കുത്തനെ ഉയരും. സ്മാര്‍ട്ട് ഫോണുകളുടെ വരവ് ആശംസാകാര്‍ഡ് വില്പനക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാലും കലാലയ സൗഹൃദ കൂട്ടായ്മക്കിടയില്‍ ഒഴിവാക്കാനാകാത്ത ആശംസകാര്‍ഡുകള്‍ തേടി ഇക്കുറിയും വിദ്യാര്‍ത്ഥികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കേക്ക് വിപണിയും സജീവമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ കിലോക്ക് നൂറു രൂപ വരെ വില വര്‍ധിച്ചിട്ടും കേക്ക് വിപണിയിലെ തിരക്കൊഴിയുന്നില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല പരീക്ഷണങ്ങളും വ്യാപാരികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാള്‍നട്സ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിള്‍ ക്രീം.... ക്രിസ്മസ് സ്പെഷല്‍ കേക്കുകളുടെ നിര ഇങ്ങനെ നീളുന്നു... ചില പുതിയ പരീക്ഷണങ്ങളും കേക്കു വിപണിയില്‍ കടന്നുകൂടിയിട്ടുണ്ട്. ആവശ്യക്കാരുടെ മുന്നില്‍ വച്ചുതന്നെ നിമിഷങ്ങള്‍ക്കകം കേക്കുകള്‍ ഉണ്ടാക്കി നല്‍കുന്നതാണ് ഇത്തവണത്തെ ട്രെന്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.