സഹകരണ മേഖലയില്‍ സംഭവിക്കുന്നത്

Saturday 3 December 2016 8:00 pm IST

കേരളത്തിലെ സഹകരണ മേഖലയില്‍ വിവിധ തലങ്ങളിലും വിഭാഗങ്ങളിലും ആയി 15000 ത്തിലധികം സഹകരണ സ്ഥാപനങ്ങളുണ്ട്.പ്രവര്‍ത്തനം നിലച്ചവയും പൂട്ടിപോയവയും ഒഴിവാക്കിയാലും 11565 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരുന്നവയാണ്. ഇവയില്‍ റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന ബാങ്കിംഗ് ലൈസന്‍സ് താഴെപ്പറയുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണുള്ളത്. സംസ്ഥാന സഹകരണ ബാങ്കും അതിന്റെ ശാഖകളും. 14 ജില്ല സഹകരണ ബാങ്കുകള്‍. 37 റൂറല്‍ സഹകരണ ബാങ്കുകള്‍. 51 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ . ഒരു എംപ്ലോയീസ് വായ്പാ സഹകരണ സംഘം (തിരുവനന്തപുരം) ബാക്കി വരുന്നവയില്‍ 1605 ലധികം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും 4000 ത്തിലധികം പ്രാഥമിക വായ്പാ സംഘങ്ങളും മറ്റു പലവക സംഘങ്ങളും, തങ്ങള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ബൈലാകളുടെ ബലത്തില്‍, റിസര്‍വ്ബാങ്കും നബാര്‍ഡും നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാതെ വന്‍ നിക്ഷേപസമാഹരണം നടത്തുകയാണ്. വെറും പ്രാഥമിക സംഘങ്ങളായി പ്രവര്‍ത്തിക്കേണ്ട ഇവ നിയമലംഘനം നടത്തി ബാങ്ക് ആണെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം സ്വീകരിക്കുകയാണ്. ബാങ്കിംഗ് നിയമപ്രകാരം, റിസര്‍വ്ബാങ്ക് ലൈസന്‍സുള്ള സഹകരണ സംഘങ്ങള്‍ക്ക് മാത്രമേ ബാങ്കിംഗ് നിയമം വിവക്ഷിച്ചിട്ടുള്ള വിധത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ അനുവാദമുള്ളൂ. കേരളത്തിലെ 1600 ലധികം വരുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഒന്നുപോലും ബാങ്കിംഗ് ലൈസന്‍സ് നേടിയിട്ടുള്ളതല്ല. എന്നാല്‍ ഇവയെല്ലാം അംഗങ്ങളില്‍ നിന്നല്ലാതെ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് ബാങ്കുകള്‍ ആണെന്ന് ബോര്‍ഡ് വച്ച്, ഇല്ലാത്ത അധികാരം ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുകയാണ്. ഇങ്ങനെ സമാഹരിക്കുന്ന ഫണ്ട് മിക്ക ഇടങ്ങളിലും സഹകരണ നിയമത്തിലെ പഴുതുകളുപയോഗിച്ചു ദുര്‍ വ്യയം ചെയ്യപ്പെടുകയാണ്. തങ്ങളുടെ ബൈലാ അതനുവദിക്കുന്നു എന്ന മുടന്തന്‍ ന്യായം ആണിവര്‍ മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കും ബാങ്കിംഗ് ബിസ്സിനസ്സിനും ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് അനുശാസിക്കുന്ന ലൈസെന്‍സ് ആവശ്യമായിരിക്കെ ഈ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന നിക്ഷേപ സമാഹരണവും മറ്റ്ബാങ്കിംഗ് ഇടപാടുകളും വ്യക്തമായ നിയമലംഘനങ്ങളാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പൊതുജനങ്ങളില്‍ നിന്നോ നാമമാത്ര അംഗങ്ങളില്‍നിന്നോ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നബാര്‍ഡ് വിലക്കിയിട്ടുള്ളതാണ്. ഇതിനെതിരെ കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി, കേന്ദ്ര കൃഷിവകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും എഴുതിയ കത്തില്‍ (സഹകരണ വീഥി സെപ്റ്റംബര്‍ 2013) കേരളത്തിലെ പ്രാഥമിക സംഘങ്ങളിലെ നിക്ഷേപങ്ങള്‍ എല്ലാം ഡിപൊസിറ്റു ഗ്യാരണ്ടി സ്‌കീം പ്രകാരം സുരക്ഷിതമാണെന്ന് എഴുതിയിരിക്കുന്നു. 2013 ലെ നിക്ഷേപ സമാഹരണ സമയത്ത് ഏകദേശം 900 പിഎസിഎസുകള്‍ ഈ സ്‌കീമില്‍ ചേരാതെയും പ്രീമിയം അടക്കാതെയും ഉണ്ടായിരുന്നു. ഏകദേശം 60 ശതമാനം പ്രാഥമിക സംഘങ്ങളും അവയുണ്ടാക്കുന്ന 'തട്ടിക്കൂട്ട്'ബൈലാകളുടെ ബലത്തില്‍ പൊതുജനത്തെ വഞ്ചിക്കുകയാണ്. കൊല്ലം ജില്ലയിലെ ഇതുപോലൊരു പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ ബാങ്കില്‍ നടന്ന 12 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിനിരയായ നിക്ഷേപകര്‍ കഴിഞ്ഞ 4 വര്‍ഷമായി നടത്തിയ ശ്രമങ്ങളില്‍ കടുത്ത അവഹേളനവും നീതിനിഷേധവും ആണ് അവര്‍ നേരിട്ടത് . കൊല്ലം ജില്ലയില്‍ താമരകുടിയില്‍ നടന്നത് എന്തെന്ന് നോക്കാം.താമരകുടിയിലെ ഒരു നിക്ഷേപവും 'നിക്ഷേപ ഡെപ്പോസിറ്ഗ്യാരണ്ടി സ്‌ക്കിമില്‍' ഉള്‍പ്പെടുത്തിയിരുന്നില്ല . താമരക്കുടി ബാങ്കിലെ നിക്ഷേപക പ്രതിനിധിയോടു ജില്ലാ ബാങ്ക് പ്രസിഡന്റ് ചോദിച്ചത് 'ഈ നിക്ഷേപകന്‍ ആരോട് ചോദിച്ചിട്ടാണ് ഈ പ്രാഥമിക ബാങ്കില്‍ പണം നിക്ഷേപിച്ചത്, എന്നോട് ചോദിച്ചിട്ടല്ലല്ലോ' എന്നാണ്. നിക്ഷേപം നഷ്ടപെട്ട നിക്ഷേപക പ്രതിനിധിയോടു മുന്‍ സഹകരണ വകുപ്പ് മന്ത്രി ചോദിച്ചത് 'ഈ പ്രാഥമിക ബാങ്കില്‍ ഇത്ര അധികം പണം നിക്ഷേപിക്കണമായിരുന്നോ, ജില്ലാ ബാങ്കിലോ അര്‍ബന്‍ ബാങ്കിലോ ആകമായിരുന്നില്ലേ' എന്നാണ്. സഹകരണ വകുപ്പ് മന്ത്രിക്കു പോലും വിശ്വാസമില്ലാത്ത പിഎസിഎസിനു വേണ്ടിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇപ്പോള്‍ വക്കാലത്തു പറയുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ സഹകരണ വകുപ്പ് മന്ത്രി പറഞ്ഞത് 'താമരകുടിയിലെ പ്രശനം വായ്പ എടുത്തവര്‍ തിരിച്ചടക്കാത്തതാണ്' എന്നാണ്. ബഹുമാനപെട്ട സഹകരണ മന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു.താമരക്കുടിയിലെ പ്രശ്‌നം വായ്പ തിരിച്ചടവ് നടക്കാത്തതല്ല. അവിടെ വ്യാപകമായ നിക്ഷേപ തട്ടിപ്പാണ് നടന്നിരിക്കുന്നത്.അവിടെ നിക്ഷേപ ശോഷണം 10 കോടി രൂപയുടേതാണ് . വായ്പ കുടിശ്ശിക 3കോടിയില്‍ താഴെ മാത്രം. അപ്പോള്‍ വായ്പ കുടിശ്ശിക തിരിച്ചു പിടിച്ചു നിക്ഷേപകരുടെ പണം തിരിച്ചു നല്‍കാന്‍ ആവുമെന്നുകരുതുന്നത് വെറും മൗഢ്യം മാത്രമാണ്..അല്ലെങ്കില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിക്കാനാണ്. നിക്ഷേപകര്‍ നിക്ഷേപം തിരിച്ചു ചോദിക്കുമ്പോള്‍ 'ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും നമ്മുടെ നിയമങ്ങള്‍ ആര്‍ബിഐയുടെയും നബാര്‍ഡിന്റെയും നിയമങ്ങളെക്കാള്‍ ശക്തമാണെന്നും എല്ലാ കുറ്റവാളികളെയും പിടിക്കും എന്നുമാണ് വാദം. യഥാര്‍ത്ഥത്തില്‍ സഹകരണ നിയമം നല്‍കിയിട്ടുള്ള പരാതിപരിഹാര വേദിയായ സഹകരണ ഓംബുഡ്‌സ്മാന്‍ നല്‍കിയ വിധികള്‍ പോലും അംഗീകരിക്കാന്‍ ഭരണാധികാരികള്‍ തയാറാവുന്നില്ല.. . അപ്പെക്‌സ് സഹകരണ സ്ഥാപനങ്ങള്‍. സഹകരണ സംഘം രജിസ്ട്രാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 11 അപ്പെക്‌സ് സഹകരണ സ്ഥാപനങ്ങളും മറ്റു വകുപ്പുകളില്‍പ്പെട്ട 9 അപ്പെക്‌സ് സഹകരണ സ്ഥാപനങ്ങളും, സഹകരണ മേഖല അടിപ്പെട്ടിരിക്കുന്ന കെടുകാര്യസ്ഥ തയും അഴിമതിയും മൂലം തകര്‍ച്ചയുടെ വക്കില്‍ ആണ്. കേരള സംസ്ഥാന സഹകരണ ബാങ്കും, കണ്‍സ്യുമര്‍ ഫെഡ് തുടങ്ങിയ എല്ലാ സഹകരണ സ്ഥാപനങ്ങളും അഴിമതിയും ദുര്‍ഭരണവും മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു. അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായ ക്രമക്കേടുകളും മൂലം പ്രവര്‍ത്തന മാന്ദ്യം നേരിടുമ്പോഴും സംസ്ഥാന സഹകരണ ബാങ്കിലെ ദുര്‍വ്യയത്തിനൊരു മാറ്റവുമില്ല . അവിടുത്തെ സാമ്പത്തിക അച്ചടക്കമില്ലായ്മ ഒരു നിയന്ത്രണവുമില്ലാതെ തുടരുന്നു. ഒരു വര്‍ഷം നീണ്ട ശതവാര്‍ഷിക ആഘോഷങ്ങളും അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചു പണം ധൂര്‍ത്തടിക്കാന്‍ അധികാരികള്‍ക്ക് ഒരു മടിയും ഇല്ലായിരുന്നു . സഹകരണ ആശുപത്രികള്‍ കേരളത്തിലെ രാഷ്ട്രിയ നേതൃത്വം സഹകരണ മേഖല നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് പ്രാദേശികമായി തങ്ങളുടെ നേതാക്കളുടെ സ്മരണ നിലനിര്‍ത്താനെന്ന പേരില്‍ ആശുപത്രി സംഘങ്ങള്‍ രൂപീകരിക്കുന്നത് വ്യാപകമായി. 2014 ഡിസംബറില്‍ കേരള നിയമസഭയില്‍ സമര്‍പ്പിച്ച രേഖ അനുസരിച്ച് കേരളത്തില്‍ ആരംഭിച്ച 154 സഹകരണ ആശുപത്രികളില്‍ 59 എണ്ണവും പ്രവര്‍ത്തനം നിറുത്തി. ശേഷിച്ച 95 ആശുപത്രികളില്‍ 82 എണ്ണവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈആശുപത്രികള്‍ എല്ലാംതന്നെ ഗവണ്മെന്റില്‍ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സഹായം നേടി ആരംഭിച്ചവയാണ്. കൂടാതെ കെട്ടിട നിര്‍മ്മാണത്തിനും ആംബുലന്‍സ് വാങ്ങുന്നതിനും മെഡിക്കല്‍ ലാബും ബ്ലഡ് ബാങ്കും തുടങ്ങുന്നതിനും മറ്റും സബ്‌സിഡിയും ലഭിക്കാറുണ്ട്. ഇങ്ങനെയാണെങ്കിലും ചാരിറ്റിയില്‍ പ്രവര്‍ത്തിക്കേണ്ട ഇവ ചികിത്സ ചെലവുകളുടെ കാര്യത്തില്‍ യാതൊരു ചാരിറ്റിയും കാണിക്കാറില്ല. ഇവയിലെ ചികിത്സയുടെ നിരക്കുകള്‍ ഏകീകരിക്കുന്നത് സാധ്യമല്ല എന്ന ഉത്തരമാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. സഹകരണ ആശുപത്രികളുടെ ഈ പരിതാപകരമായ സ്ഥിതി സഹകരണ മേഖലയിലെ കെടുകാര്യസ്ഥതക്കും നിയമലംഘനങ്ങള്‍കും ഉള്ള നല്ലൊരു ഉദാഹരണമാണ്. സ്വജന പക്ഷപാതവും അഴിമതിയും ദുര്‍ഭരണവും മൂലം ഇവയെല്ലാം പ്രതിസന്ധി നേരിടുന്നു. സര്‍ക്കാരില്‍നിന്നും മറ്റ് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും നേടിയെടുത്ത സാമ്പത്തിക സഹായവും സബ്‌സിഡിയും പാഴായിപോകുന്നു. ഇതും മറ്റൊരു സഹകരണ സ്പര്‍ശം! പലവക സഹകരണ സംഘങ്ങള്‍ സഹകരണ മേഖല നല്‍കുന്ന സഹകരണ തത്വങ്ങളിലെ 'അംഗങ്ങളുടെ ജനാധിപത്യ നിയന്ത്രണം, സ്വയം ഭരണവും സ്വാതന്ത്ര്യവും' എന്നീ വകുപ്പുകളുടെ ബലത്തില്‍ തങ്ങള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ബൈലാകളുടെ ബലത്തില്‍ 'പലവക സംഘങ്ങളുടെ' പെരുമഴ തന്നെയാണ് കേരളത്തില്‍. മാറി മാറി അധികാരത്തിലെത്തുന്ന ഇടതുവലതു മുന്നണികളിലെ ഭരണനേതൃത്വം തങ്ങളുടെ അണികളെ ത്രുപ്തരക്കാനും ധന ദുര്‍വിനിയോഗത്തിനായും അവസരം ഉണ്ടാക്കാനായി ഇത്തരം സംഘങ്ങളെ അനുവദിക്കുന്നു. മന്ത്രിമാരും ഉന്നത നേതാക്കളും പങ്കെടുക്കുന്ന മേളകള്‍ സംഘടിപ്പിച്ച് ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന തോന്നലുണ്ടാക്കും വിധം പ്രവര്‍ത്തനം ആരംഭിക്കുന്ന ഇവയൊക്കെ ക്രമേണ നാടന്‍ കുറി കമ്പനികളും തട്ടിപ്പ് കേന്ദ്രങ്ങളും ആയി മാറുന്നു. റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങള്‍ സഹകരണ മേഖലയില്‍ പ്രവേശിക്കാന്‍ പോകുന്നു. കോഴിക്കോട് നഗര പരിധി പ്രവര്‍ത്തന മേഖലയുള്ള ഒരു പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം വന്‍നേട്ടങ്ങള്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ കൊണ്ട് നേടി. പിഎസിഎസ് ഇനത്തിലെ ഈ സംഘം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ആഡിറ്റ് നടത്തുന്നതിലും ആര്‍ബിഐയും നബാര്‍ഡും നല്കുന്ന മാര്‍ഗരേഖകള്‍ പാലിക്കുന്നുണ്ടാവും! എന്തായാലും ഈ സംഘത്തിന്റെ ഒരു സഹസംരംഭം എന്ന് തോന്നാവുന്ന സംരംഭം കേരള വ്യാപകമായി റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക് സഹകരണ മേഖലയുടെ സുരക്ഷിതത്വം തേടി ഇറങ്ങിയിരിക്കുന്നു. രാജ്യത്തെ വ്യവസ്ഥാപിത നിയമങ്ങളെ മറികടക്കാന്‍ നല്ല മാര്‍ഗമായി സഹകരണ മേഖലയെ ഉപയോഗപ്പെടുത്തുന്നു. പ്രാഥമിക സഹകരണ സംഘങ്ങളും എംപ്ലോയീസ് സഹകരണ സംഘങ്ങളും എംഡിഎസിന്റെ പേരില്‍ ചിട്ടി കമ്പനികളായി പ്രവര്‍ത്തിക്കുന്നതുപോലെയും, നബാര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതുപോലെയും ഈ റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങളും പൊതുജനത്തിന് ബാധ്യത ആവില്ല എന്ന ഉറപ്പുനല്‍കാന്‍ ഇതിനൊക്കെ സര്‍ക്കാര്‍ പരിവേഷം നല്‍കുന്ന ഭരണ നേതൃത്വത്തിന് കഴിയുമോ? ഇതിനു കൂട്ടുനില്‍ക്കുന്ന ഭരണ നേതൃത്വം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയില്‍ സംഭവിച്ചത് ശ്രദ്ധിക്കണം. അവിടുത്തെ 200 ലധികം ജീവനക്കാര്‍ വഞ്ചിക്കപ്പെട്ട സംഭവം ശ്രദ്ധിക്കണം. ഒരു ജീവിത കാലം മുഴുവനും സമ്പാധിച്ചതെല്ലാം നഷ്ടപെട്ട ജീവനക്കാര്‍ സഹകരണ ഓംബുട്‌സ്മാന്‍ നല്‍കാന്‍ പോകുന്ന ഉറപ്പില്ലാത്ത വിധി കാത്തിരിക്കുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നൂറോളം കാര്‍ഷിക വികസന സഹകരണ സംഘങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. ഇവയെല്ലാം തന്നെ മറ്റു കാര്‍ഷിക സംഘങ്ങളുടെ പരിധി കളിലേക്കുള്ള അതിവ്യാപനമാണ്. ഇവയൊന്നും അറിയപ്പെടുന്ന യാതൊരു കാര്‍ഷിക വികസന പ്രവര്‍ത്തനവും നടത്തുന്നില്ല. മാത്രമല്ല ഇവയെല്ലാം വെറും ചിട്ടി കമ്പനി ആയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ മിക്കവയും മറ്റു സാമ്പത്തിക ഇടപാടുകളും നടത്തി പൊതുജനത്തെ വഞ്ചിക്കും. എല്ലാം സഹകരണ സ്പര്‍ശം തന്നെ! ഏകദേശം 60 ശതമാനം ലേബര്‍ കോണ്ട്രാക്റ്റ് സഹകരണസംഘങ്ങളും തകര്‍ച്ച നേരിടുകയാണ്. സഹകരണ മേഖല നേരിടുന്ന കെടുകാര്യസ്ഥതയും സ്വജനപക്ഷപാദവും അഴിമതിയും തന്നെ കാരണം. അമിതമായ രാഷ്ട്രീയഅതിപ്രസരണത്തിന് അടിമപെട്ട സഹകരണ മേഖലയിലെ ഉദേ്യാഗസ്ഥ നിയമനങ്ങള്‍ എല്ലാം നിയമങ്ങള്‍ പാലിക്കാതെ കുറുക്കുവഴികളിലൂടെ ആണ് നടത്തുന്നത്. 12 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറി നടന്ന കൊല്ലം ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കിലെ ജീവനക്കാര്‍ എല്ലാം ഇങ്ങനെ പുറംവാതിലിലുടെ വന്നവരും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യമായ യോഗ്യത ഇല്ലാത്തവരും ആണ്. ആകെ ഇവര്‍ക്കുള്ള യോഗ്യത ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളോ ബന്ധുക്കളോ എന്നതാണ്. സാധാരണ സഹകരണ നിയമങ്ങളോ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളോ ഇവരെ ബാധിക്കുന്നില്ല വിവരാവകാശ നിയമം ഇന്ത്യന്‍ ജനതയുടെ 'മാഗ്‌നാകാര്‍ട്ട' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നൂറ്റാണ്ടിലെ പൊതുജനസൗഹൃദമായ വിവരാവകാശ നിയമം കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലാതായിരിക്കുന്നു. കേരളത്തിലെ തന്നെ ജനാധിപത്യബോധമുള്ള സഹകാരി മുഖ്യന്മാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ സുപ്രീം കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സഹകരണ മേഖലയുടെ സംരക്ഷകരെന്നു മേനിനടിക്കുന്ന ഇടതു വലതു ഭരണാധികാരികള്‍ തയാറായില്ല. അതുകാരണം കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്നതൊന്നും വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ പോലും അറിയാന്‍ സാധാരണക്കാരായ സഹകാരികള്‍ക്കു കഴിയാതെ വന്നിരിക്കുന്നു. സഹകരണ ഓഡിറ്റ് സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ആയി ഒരു ഐ എഎസ് ഉേദ്യാഗസ്ഥന്‍ ഉണ്ടെന്നതൊഴിച്ചാല്‍ സഹകരണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ /ഓഡിറ്റര്‍ തസ്തികയില്‍ ചേര്‍ന്ന് കേരളത്തിലെ ഈ മേഖലയിലെ രാഷ്ട്രീയാതിപ്രസരത്തിനടിമയായ ഒരു ഔദേ്യാഗിക ശൃംഖലയാണ് സഹകരണ ഓഡിറ്റ് നടത്തുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ജില്ലാ തലത്തില്‍ എത്തിനില്‍ക്കുന്നതല്ലാതെ ഡിറക്ടറേറ്റില്‍ എത്തുന്നില്ല. ഇതിലുണ്ടാകുന്ന പഴുതുകളെകുറിച്ചും ഞങ്ങളുടെ അന്വേഷണത്തിനിടയില്‍ ബോധ്യമായിട്ടുള്ളതാണ്. 97-ാമത് ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിച്ച വിധത്തില്‍ കേരളത്തിലെ സഹകരണ നിയമം 2012 ല്‍ ഭേദഗതി ചെയ്തപ്പോള്‍ സഹകരണ ഓഡിറ്റ് സംബന്ധിച്ച വകുപ്പുകളൊന്നും ഭേദഗതി ചെയ്തതായി കണ്ടില്ല. കേന്ദ്ര നിര്‍ദ്ദേശമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാരുടെ പാനല്‍ രൂപീകരണത്തെ എതിര്‍ക്കുകയാണ് അന്ന് കേരളത്തിലെ സഹകരണ മേഖലയും രാഷ്ട്രീയ നേതൃത്വവും ചെയ്തത്. കേരളത്തിലെ സഹകരണ മേഖല രാഷ്ട്രീയ അതിപ്രസരത്തിനടിമയാണ്.സഹകരണ സംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രൈവറ്റ് പ്രൊപ്പെര്‍ട്ടി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേകിച്ചും പ്രാഥമിക മേഖലയിലെ സംഘങ്ങള്‍ ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ധന സ്രോതസായി മാറ്റപ്പെടുകയാണ്. ഇവയിലെ നിയമനങ്ങള്‍ സഹകരണ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്കും സ്വന്തക്കാര്‍ക്കുമായി മാറ്റിവയ്ക്കുന്നു. ആക്ടീവ് മെമ്പെര്‍ഷിപ്പ് തല്‍പര കക്ഷികള്‍ക്ക് മാത്രമായി നിലനിറുത്തുന്നു. ചിട്ടിക്കും ജാമ്യത്തിനുമായി ചേര്‍ക്കുന്ന നാമമാത്ര അംഗങ്ങളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും പണം സമാഹാരിക്കുകയും അത് വകമാറ്റി ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ മാറിമാറി വരുന്ന ഭരണ നേതൃത്വവും, ശക്തമായ രാഷ്ട്രീയ ചായ്‌വുള്ള ഉദ്യോഗസ്ഥ വൃന്ദവും സഹകരണ മേഖലയിലെ അഴിമതിക്കും ദുര്‍ഭരണത്തിനും കൂട്ടുനില്‍ക്കുകയാണ്. (സഹകരണ നിക്ഷേപക സംരക്ഷണ വേദി കണ്‍വീനറാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.