പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളില്‍ റെയ്ഡ്

Saturday 3 December 2016 11:38 pm IST

പെരുമ്പാവൂര്‍ എംസി റോഡിലുള്ള വെയ് ബ്രിഡ്ജില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍

കൊച്ചി: തടിക്കച്ചവടക്കാരന്റെ കൈയില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളില്‍ ആദായനികുതി അധികൃതരുടെ റെയ്ഡ്. തടിക്കച്ചവടത്തിന്റെ മറവില്‍ പെരുമ്പാവൂര്‍ മേഖലയില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി ആദായനികുതി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം തടിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കണ്ടെത്തിയിരുന്നു. പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് തനിക്ക് ഈ നോട്ടുകള്‍ ലഭിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. 38,000 രൂപയുടെ പുതിയ 2000 ന്റെ നോട്ടുകളും കണ്ടെത്തി. തടിക്കച്ചവട കേന്ദ്രത്തില്‍ നിന്നാണ് ഇയാളില്‍നിന്ന് രണ്ടരലക്ഷം രൂപയുടെ നോട്ടുകള്‍ പിടികൂടിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂര്‍ മേഖലയിലാണ്. 350ല്‍ കൂടുതല്‍ പ്ലൈവുഡ് സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്നാണ് തടികള്‍ കൂടുതലായി എത്തുന്നത്. ദിവസേന അഞ്ച് കോടിയിലധികം രൂപയുടെ തടിക്കച്ചവടമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഒരു രൂപ പോലും നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നില്ല. രാത്രിയാണ് തടിക്കച്ചവടം. ഇടനിലക്കാരാണ് കച്ചവടക്കാരില്‍ നിന്ന് തടി വാങ്ങി പ്ലൈവുഡ് കമ്പനികള്‍ക്ക് നല്‍കുന്നത്. ഇടനിലക്കാരെ ഉപയോഗിച്ചാണ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

പെരുമ്പാവൂരിലെ ചില പ്ലൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കള്ളനോട്ട് വിതരണം നടന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയില്‍ 1000ത്തിന്റെയും 500ന്റെയും കള്ളനോട്ട് തിരുകിക്കയറ്റിയാണ് കള്ളനോട്ട് വിതരണം നടത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.