ശബരിമലയില്‍ സുരക്ഷ ശക്തം

Saturday 3 December 2016 8:56 pm IST

സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ശബരിമലയില്‍ നടത്തുന്ന ആകാശ നിരീക്ഷണത്തിനുള്ള ഡ്രോണ്‍ സന്നിധാനത്ത് പരീക്ഷണ പറക്കലിനായി സജ്ജമാക്കുന്നു

ശബരിമല: ഡിസംബര്‍ ആറിനോട് അനുബന്ധിച്ച് ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് ശബരിമലയിലെ സുരക്ഷ ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെ മെറ്റല്‍ ഡിക്റ്ററുണ്ട്. കാനനപാതകളിലൂടെ വലിയ നടപ്പന്തലില്‍ എത്തുന്നവരെയും മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ് വിടുന്നത്.

പമ്പയിലും സന്നിധാനത്തും തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗുകള്‍ രണ്ട് തവണ സ്‌കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കുന്നുണ്ട്. വെട്ടുകത്തി, ലൈറ്റര്‍, ടോര്‍ച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങി വച്ചിട്ടാണ് കടത്തിവിടുന്നത്. സോപാനത്തേക്ക് എത്താന്‍ കഴിയുന്ന സ്റ്റാഫ്‌ഗേറ്റ്, ജനറേറ്റര്‍ റൂമിന്റെ മുന്‍വശത്തെ വാതില്‍, തന്ത്രിയുടെ മുറി, മെസ്സിലേക്കുള്ള വാതില്‍ എന്നിവിടങ്ങളില്‍ ഡിഎഫ്എംഡി സ്ഥാപിച്ചു. ക്ഷേത്രാങ്കണം കേന്ദ്രസേനയുടെയും സംസ്ഥാന പോലീസ് കമാന്‍ഡോകളുടെയും സുരക്ഷാ വലയത്തിലാക്കി.
മൂന്ന് വലയം തീര്‍ത്താണ് സുരക്ഷ. പതിനെട്ടാം പടിക്ക് ഇരുവശവും വാച്ച് ടവറുകളില്‍ അത്യാധുനിക ദൂരദര്‍ശിനി ഉപയോഗിച്ച് കേന്ദ്രസേന നിരീക്ഷണം നടത്തും.

കേന്ദ്ര ദ്രുതകര്‍മ്മസേന ഇന്ന് സന്നിധാനത്തോട് ചേര്‍ന്നുള്ള വനപ്രദേശങ്ങളില്‍ കോംബിംഗ് നടത്തും. 250 പേരടങ്ങുന്ന രണ്ടു കമ്പനി സേനാംഗങ്ങളാണ് പമ്പയിലും സന്നിധാനത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്. മരക്കൂട്ടം, വലിയനടപ്പന്തലിന്റെ തുടക്കഭാഗം, താഴെ തിരുമുറ്റം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ മോര്‍ച്ചകള്‍ സ്ഥാപിച്ച് കേന്ദ്രസേന ജാഗരൂകരാണ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങള്‍ പോലീസിന്റെ ക്യാമറാ നിരീക്ഷണത്തിലാണ്. ദൃശ്യങ്ങല്‍ പമ്പാ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ് സംവിധാനവുമുള്ള അത്യാധുനിക ക്യാമറയാണ് പുതിയതായി സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക ക്യാമറ കേന്ദ്രസേനയും സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കോയമ്പത്തൂരിലും സേനാ ആസ്ഥാനത്തും നിരീക്ഷിക്കും. ആകാശ നിരീക്ഷണത്തിന് ആളില്ലാത്ത നിരീക്ഷണ ക്യാമറ (ഡ്രോണ്‍) ഇന്നലെ രാവിലെ സോപാനത്ത് പരീക്ഷണ പറക്കല്‍ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എഐജി സ്പര്‍ജ്ജന്‍കുമാര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സന്നിധാനത്തും സമീപ വനമേഖലകളിലും പരിശോധന നടത്തി. ഇന്നലെ രാവിലെ 9 മുതലായിരുന്നു പരിശോധന. വനംവകുപ്പ്, പോലീസ്, പോലീസിന്റെ കമാന്‍ഡോ വിഭാഗം, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോസ് എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു പരിശോധന.

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപം കൊപ്രാക്കളത്തില്‍ നിന്നുള്ള ചിരട്ട കൂട്ടിയിട്ടിരിക്കുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് കണ്ടെത്തി ഇത് നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കി. ഹോട്ടലുകളിലും മറ്റുമുള്ള ജീവനക്കാര്‍ക്ക് അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ബോധവത്കരണം നല്‍കണമെന്ന് ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.