സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: സഹകാര്‍ ഭാരതി

Saturday 3 December 2016 9:08 pm IST

സഹകാര്‍ ഭാരതി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ഇടതു വലതു മുന്നണികളുടെ കേന്ദ്രസര്‍ക്കാര്‍ വിരോധമാണെന്ന് സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സഹകാര്‍ ഭാരതി ആലപ്പുഴയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസഥനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫ് നിയന്ത്രണത്തില്‍ ഉള്ളത്. ബാക്കി 13ഉം യുഡിഎഫ് നിയനത്രണത്തിലുള്ളതാണ്. ഇക്കാരണത്താല്‍ കേരളബാങ്ക് രൂപീകരിക്കാന്‍ സിപിഎം നടത്തിയ നീക്കം ആരും മറന്നിട്ടില്ല. എന്നാല്‍ നോട്ടു പിന്‍വലിച്ചുള്ളഉത്തരവു വന്നപ്പോള്‍ ഇതെല്ലാം മറന്ന് എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചുനില്‍ക്കുന്നത് വിരോധാഭാസമാണ്.
കഴിഞ്ഞ 25 വര്‍ഷമായി തെരഞ്ഞെടുപ്പുപോലും നടത്താതെയാണ് ഇടതു വലതു മുന്നണികള്‍ സഹകരണ മേഖലയെ രാഷ്ട്രീയവത്കരിച്ചത്. ഇത് സമുദായ സംഘടനകള്‍ക്കുവരെ ബാങ്കുകള്‍ തുടങ്ങേണ്ട സാഹചര്യമുണ്ടാക്കി. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ഇടപാടുനടത്താന്‍ ആര്‍ബിഐ അനുമതി നല്‍കിയിട്ടും കേരളത്തിലെ 14,000ഓളം സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
കൃത്യമായി ചാട്ടേഡ് അക്കൗണ്ടന്റുമാരെ ഉപയോഗിച്ച് ഓഡിറ്റ് നടത്താന്‍ തയ്യാറാകാത്തതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കണക്കു പരിശോധിക്കാനുള്ള അവസരം നല്‍കാത്തതുമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയക്കളിയില്‍ സഹകരണ മേഖല കേരളത്തില്‍ ഒറ്റപ്പെടുന്നത്.
ജില്ലാ പ്രസിഡന്റ് ആര്‍. അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി കെ. ബിജു സ്വാഗതവും സി. ഉദയകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.