ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിന് തുടക്കം

Saturday 3 December 2016 9:55 pm IST

ന്യൂദല്‍ഹി: ഭീകരതക്കെതിരായ മുന്നേറ്റത്തിന് ഊന്നല്‍ നല്‍കി രണ്ട് ദിവസത്തെ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിന് അമൃത്സറില്‍ തുടക്കം. ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങി 17 രാജ്യങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിച്ചു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാര നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികള്‍ സെക്രട്ടറി തല ചര്‍ച്ചയില്‍ വിഷയമായി. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും അഫ്ഗാന്‍ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ബിക്മത്ത് ഖലീല്‍ കര്‍സായിയും അധ്യക്ഷത വഹിച്ചു. ഇന്ന് മന്ത്രിതല സമ്മേളനം നടക്കും. നരേന്ദ്രമോദിയും അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഖനിയും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഭീകരതക്കെതിരായ പ്രഖ്യാപനവുമുണ്ടാകും. സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് പാക്ക് വിദേശകാര്യ വക്താവ് സര്‍താജ് അസീസ് അമൃത്സറിലെത്തി. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനമെന്നതിനാല്‍ അസീസിന്റെ വരവിന് പ്രാധാന്യമുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പന്ത് ഇന്ത്യയുടെ കോര്‍ട്ടിലാണെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. എന്നാല്‍ ഔദ്യോഗികമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടില്ല. ഭീകരത അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാട് ഇന്ത്യ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഏതാനും ദിവസം മുന്‍പ് കശ്മീര്‍ നഗ്രോട്ടയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 14 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്ക ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പ്രതിനിധികളും സംബന്ധിക്കുന്ന സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെയും സമീപ രാജ്യങ്ങളിലെയും സമാധാന വികസന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.