കൊച്ചി കോര്‍പ്പറേഷന് വിവരാവകാശ കമ്മീഷന്റെ വിമര്‍ശനം

Saturday 3 December 2016 11:32 pm IST

പള്ളുരുത്തി: വിവരാവകാശ പ്രവര്‍ത്തകന്‍ രേഖാമൂലം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കൊച്ചി കോര്‍പ്പറേഷന്റെ മുഖ്യവിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റെടുത്തു നടത്തി വരുന്ന ഇലക്ട്രിക്ക് വര്‍ക്കുകളുടെ മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ടാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കെ. പ്രഭാകരന്‍ വിവരാവകാശ നിയമപ്രകാരം കത്തു നല്‍കിയത്. മെട്രോ സിറ്റിയായി വളരുന്ന കൊച്ചിയില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ഇല്ലാതെയാണ് നഗരസഭ വര്‍ക്കുകള്‍ നടത്തുന്നത്. ഇലക്ട്രിക്ക് എഞ്ചിനീയറുടെ യോഗ്യത, നിയമനം നടത്തിയിട്ടുള്ള മാനദണ്ഡം വ്യക്തമാക്കുന്ന രേഖകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച വിവരങ്ങള്‍ തുടങ്ങിയവയാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാത്ത നഗരസഭയുടെ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിന്റെ നടപടി തെറ്റാണെന്നും മുഖ്യ വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നു. ഇലക്ട്രിക്ക് വര്‍ക്കുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാത്തത് എന്താണെന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. അങ്ങനെ ഒരു സംവിധാനം ഒരുക്കിയാല്‍ 24 മണിക്കൂറിനകം മറുപടി കൊടുക്കാവുന്നതാണെന്നും കമ്മീഷന്‍ വിലയിരുത്തി. അത്തരത്തിലുള്ള വര്‍ക്കുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കാത്തത് ഏതെങ്കിലും സ്ഥാപിത താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കാനെ കഴിയുകയുള്ളൂവെന്ന് കമ്മീഷന്‍ വിലയിരുത്തി. അപ്പീല്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം ഹര്‍ജിക്കാരന് മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.