ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

Sunday 4 December 2016 9:25 pm IST

മൂന്നാര്‍: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവ് പിടിയില്‍. ഇയാളെ സഹായിച്ച മറ്റൊരാളും വലയില്‍. ചങ്ങനാശേരി തൃക്കൊടിത്താനം ചിറപറയിടം ഷാമോന്‍ മുഹമ്മദ്(28) ആണ് പിടിയിലായത്. സംശയം തോന്നിയ മൂന്നാര്‍ എസ്‌ഐ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകാരന്‍ കുടുങ്ങുന്നത്. സംഭവം ഇങ്ങനെ: ശനിയാഴ്ച എറണാകുളത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് എന്നുപറഞ്ഞ് മൂന്നാര്‍ സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നിരുന്നു. നാളെ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഐപിഎസ് ഓഫീസര്‍ എത്തുമെന്നും വേണ്ട സഹായം ചെയ്ത് കൊടുക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കാറില്‍ ഷാമോന്‍ എത്തുകയായിരുന്നു. പോലീസ് ജീപ്പും ഒരു പോലീസുകാരനും സഹായത്തിനായി വേണമെന്നും ഒരു കേസ് അന്വേഷണത്തിനാണെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ആയിരുന്ന ഉദ്യോഗസ്ഥന്‍ എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥല ത്തെത്തിയ എസ്‌ഐ നടത്തിയ പരിശോധനയില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ഐഡികാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഐഡി കാര്‍ഡ് ഇല്ലെന്ന് പറഞ്ഞ് പ്രതി പോലീസിനോട് കയര്‍ക്കുകയും ചെയ്തു. കാറില്‍ സൂക്ഷിച്ചിരുന്ന യൂണിഫോം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് തന്ത്രപരമായി യുവാവിനെ ഡിവൈഎസ്പിയുടെ സമീപം എസ്‌ഐ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കള്ളി വെളിച്ചത്താവുകയായിരുന്നു. അതേസമയം ഇയാള്‍ എന്തിന് ഇവിടെ എത്തിയെന്ന കാര്യം പോലീസിനോട് തുറന്ന് പറയുവാന്‍ തയ്യാറായിട്ടില്ല. ഇതിന് മുമ്പും ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് യുവാവ് പണം തട്ടിയതായി വിവരമുണ്ട്. പോലീസിനെ ദുരുപയോഗം ചെയ്തതിനും ആള്‍മാറാട്ടം നടത്തിയതിനുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മൂന്നാര്‍ എസ്‌ഐ പി ജിതേഷ് പറഞ്ഞു. മൂന്നാര്‍ ഡിവൈഎസ്പി എന്‍ അനിരുദ്ധന്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതി ഇവിടെ എന്ത ിനെത്തിയെന്നതും ലക്ഷ്യവുമാണ് പരിശോധിക്കുന്നത്.  സംഭവത്തില്‍ മൂന്നാര്‍ സ്റ്റേഷനിലേക്ക് തലേ ദിവസം വിളിച്ച ആളുടെ നമ്പറും കണ്ടെത്തിയിട്ടുണ്ട്. ഇയാളോട് ഇന്ന് സ്‌റ്റേഷനിലെത്താനും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.