ശബരി ബസ് സര്‍വ്വീസിന്റെ മറവില്‍ കെഎസ്ആര്‍ടിസിയുടെ കൊള്ള

Sunday 4 December 2016 9:58 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെ എസ് ആര്‍ ടി സി തുടങ്ങിയ ശബരി ബസ് സര്‍വ്വീസിന്റെ മറവില്‍ വന്‍ തീര്‍ത്ഥാടക കൊള്ള.കാലപ്പഴക്കം ചെന്ന പഴയ ഡീലക്‌സ് ബസിന്റെ പെയിന്റ് മാറ്റിയും ഇരുവശത്തും കടുവയുടെ ചിത്രം വരച്ചുമുണ്ടാക്കിയ ബസില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരില്‍ നിന്ന് യാത്രക്കൂലിയായി രണ്ടിരട്ടി തുക വാങ്ങിയാണ് ലക്ഷങ്ങളുടെ അധിക വരുമാനം ലക്ഷ്യമിടുന്നത്. എരുമേലി-പമ്പ ബസ് സര്‍വ്വീസിലാണ് ഇത്രയും വലിയ കൊള്ള കോര്‍പ്പറേഷന്‍ നടത്തുന്നത്. എരുമേലി-പമ്പ സാധാരണ ദിവസങ്ങളിലെ ചാര്‍ജ് തന്നെ 28 രൂപയാണ്. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മറപിടിച്ച് 56 രൂപയാണ് ഇതേ സര്‍വ്വീസിന് കോര്‍പ്പറേഷന്‍ ഇപ്പോള്‍ വാങ്ങുന്നത്. എന്നാല്‍ ഇതിനേയും മറികടന്നാണ് ഒറ്റയടിക്ക് രണ്ടിരട്ടി യാത്രക്കൂലി വാങ്ങി കോര്‍പ്പറേഷന്‍ ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നത്. എരുമേലി മുതല്‍ പമ്പ വരെയുള്ള 45 കിലോമീറ്റര്‍ ഓടാന്‍ ശബരി ബസില്‍ 115 രൂപയാണ് ഈടാക്കുന്നത്. ഒരാഴ്ച മുമ്പ് തുടങ്ങിയതാണ് ശബരി ബസ് സര്‍വ്വീസ് പദ്ധതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അമ്പതോളം ബസുകളാണ് ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ ഇറക്കിയിരിക്കുന്നത്. എറണാകുളം ഡിപ്പോയില്‍ നിന്നു ചെങ്ങന്നൂര്‍ വഴി പമ്പ സര്‍വ്വീസ് നടത്തി ലക്ഷങ്ങള്‍ ഒറ്റയടിക്ക് ലാഭമുണ്ടാക്കാനുള്ള കോര്‍പ്പറേഷന്റെ നീക്കമാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. അധികൃതരുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ശബരി ബസ് സര്‍വ്വീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എരുമേലി വഴി തിരിച്ചു വിട്ടു. എരുമേലി പമ്പ സര്‍വ്വീസിന് 115 രൂപ വാങ്ങുന്നതിലൂടെ ഒരാഴ്ചക്കുള്ളില്‍ ലക്ഷങ്ങളാണ് കോര്‍പറേഷന് ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ നഷ്ടം ശബരിമല തീര്‍ത്ഥാടനത്തിലൂടെ നികത്തുന്നതിനായി തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.