മഴയെത്തി; ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു

Sunday 4 December 2016 10:25 pm IST

ഇടുക്കി: ഒരു മാസത്തെ ഇടവേളയക്ക് ശേഷം ജില്ലയില്‍ മഴയെത്തിയതോടെ ഡാമുകളിലെ ജലനിരപ്പ് സാവധാനം ഉയരുന്നു. ഒരാഴ്ചക്കാലത്തോളം സ്‌ഫെറിക്കല്‍ വാല്‍വിന്റെ തകരാറുമൂലം മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പ്പാദനം കുറച്ചിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് ഇന്നലെ ലഭിച്ച കണക്ക് പ്രകാരം 2344.4 അടിയാണ്, 41.153 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 20 അടിയോളം കുറവ്. കഴിഞ്ഞ വര്‍ഷമിത് 2364.36 അടിയായിരുന്നു. 58.504 ശതമാനം. വ്യാഴാഴ്ചത്തെ ജലനിരപ്പിനേക്കാള്‍ .35 അടിവെള്ളം ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഡാമിന്റെ വൃഷ്ടി പ്രദേശത്ത് .2 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. 0.624 ദശലക്ഷം യൂണിറ്റ് ഉത്പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഡാമിലാകെ 883.962 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഉണ്ട്. ഇത് സംസ്ഥാനത്താകെയുള്ള ഡാമുകളിലെ നിലവിലെ സംഭരണ ശേഷിയുടെ 40 ശതമാനത്തോളമാണ്. അതേസമയം തകരാറുകള്‍ പരിഹരിച്ച ശേഷം ശനിയാഴ്ച വൈകുന്നേരമാണ് ഇടുക്കിയിലെ ഉത്പാദനം പഴയ പടിയായത്. ശനിയാഴ്ചത്തെ ഉല്‍പ്പാദനം 2.353 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ ദിവസങ്ങളിലിത് 1.88 വരെയായിരുന്നു. മൂന്ന് ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ രേഖപ്പെടുത്തുന്നുണ്ട്. ജില്ലയിലെ വര്‍ദ്ധിച്ച ചൂടിനും കുടിവെള്ള പദ്ധതികള്‍ക്കും അപ്രതീക്ഷിതമായെത്തിയ മഴ ഒരു പരിധിവരെ ആശ്വാസമായി. അവധി ദിവസമായതിനാല്‍ മൊത്തം ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസത്തെ മൊത്തം ഉപഭോഗം 61.7236 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 51.309 ദശലക്ഷം യൂണിറ്റും കേന്ദ്രവിഹിതവും പുറത്ത് നിന്ന് പണം നല്‍കി വാങ്ങിയതുമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.