ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍; ഭീകരതക്കെതിരെ സംയുക്ത പോരാട്ടം

Sunday 4 December 2016 10:56 pm IST

ന്യൂദല്‍ഹി: പാക്ക് ആസ്ഥാനമായ ഭീകര സംഘടനകളെ പരാമര്‍ശിച്ച്, ഭീകരത മുഖ്യ ഭീഷണിയെന്നും സംയുക്ത പോരാട്ടം അനിവാര്യമെന്നും അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പ്രമേയം. പാക്ക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പിന്തുണയുള്ള ലക്ഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളെ പരാമര്‍ശിച്ച പ്രമേയത്തിലൂടെ സമ്മേളനം പാക്കിസ്ഥാന് വ്യക്തമായ സന്ദേശം നല്‍കി. അല്‍ഖ്വയ്ദ, ഐഎസ്, ഹഖാനി ഭീകര ശൃംഘല എന്നിവയും പ്രമേയത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ആദ്യമായാണ് ഭീകരസംഘടനകളുടെ പേരെടുത്ത് പറഞ്ഞ് പ്രമേയം പാസാക്കുന്നത്. ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണ് പ്രമേയം. വിദേശകാര്യ മന്ത്രിമാരുള്‍പ്പെടെ 45 രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ച ആറാമത്തെ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. അഫ്ഗാനില്‍ സമാധാനവും വികസനവും ഉറപ്പാക്കുന്നതില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ഇരയാണ്. അടുത്തിടെ അക്രമം വര്‍ദ്ധിച്ചിട്ടുണ്ട്. ഭീകരത സമാധാനത്തിനും സുരക്ഷക്കും വലിയ ഭീഷണിയാണ്. എല്ലാത്തരം ഭീകരതയും അതിന് പിന്തുണയും അഭയവും നല്‍കുന്നതും ഇല്ലാതാക്കണം. ഭീകരശൃംഖലകളിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് തടയണം. സമൂഹം തീവ്രവാദവത്കരിക്കപ്പെടുന്നതിനെതിരെ കൂട്ടായ പരിശ്രമം വേണം. മയക്കുമരുന്ന് ശൃംഖലകളിലൂടെ ഭീകരര്‍ സാമ്പത്തികം സമാഹരിക്കുന്നത് പ്രതിരോധിക്കണം. ഇതിന് ഹാര്‍ട്ട് ഓഫ് ഏഷ്യ രാജ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം ശക്തിപ്പെടുത്തും. ആഗോള ഭീകരതയും അഫ്ഗാനിസ്ഥാനിലെ സമാധാനവും വികസനവുമായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. ഇന്ത്യയും അഫ്ഗാനും വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് വ്യോമ ഇടനാഴി ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനും മോദിയും ഘനിയും നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇത് ഇന്ത്യക്ക് അഫ്ഗാനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കും. തങ്ങളുടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വ്യോമ ഇടനാഴിയെ എതിര്‍ക്കുന്നുണ്ട്. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും ശക്തമായി നീങ്ങാനും ധാരണയായി. സമ്മേളനത്തില്‍ ബന്ധം അരക്കിട്ടുറപ്പിച്ച ഇന്ത്യയും അഫ്ഗാനും പാക്കിസ്ഥാനെതിരെ കൈകോര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഘനിയും പാക്ക് ഭീകരതക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം. ഭീകരതയെ പിന്തുണക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് മോദി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പിന്തുണച്ചില്ലെങ്കില്‍ താലിബാന് ഒരു മാസം പോലും പ്രവര്‍ത്തിക്കാനാകില്ലെന്ന് ഘനി ചൂണ്ടിക്കാട്ടി. ഭീകരതക്ക് ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു അസീസിന്റെ പ്രതികരണം. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം സംഘര്‍ഷത്തിലുള്ള പശ്ചാത്തലത്തിലാണ് അസീസ് സമ്മേളനത്തിനെത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറായില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി അസീസ് കൂടിക്കാഴ്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.