പോരാട്ടം കടുത്തു

Sunday 4 December 2016 11:05 pm IST

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ നിവ്യ ആന്റണി ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ
സ്വര്‍ണ്ണം നേടുന്നു – എം.ആര്‍. ദിനേശ്കുമാര്‍

തേഞ്ഞിപ്പലം: അറുപതാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിലും എറണാകുളം മുന്നില്‍. ഏറെ അകലെയല്ലാതെ പാലക്കാടും.

12 സ്വര്‍ണം, 15 വെള്ളി, എട്ട് വെങ്കലവുമടക്കം 113 പോയിന്റുമായാണ് എറണാകുളം മുന്നില്‍ നില്‍ക്കുന്നത്. 12 സ്വര്‍ണം, എട്ട് വെള്ളി, എട്ട് വെങ്കലമടക്കം 92 പോയിന്റാണ് രണ്ടാമതുള്ള പാലക്കാടിന്. നാല് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി 36 പോയിന്റുമായി കോഴിക്കോട് മൂന്നാമത്. 32 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്ത്.
സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ തന്നെ ആദ്യ സ്ഥാനത്ത്. ഏഴ് സ്വര്‍ണം, എട്ട് വെള്ളി, രണ്ട് വെങ്കലമടക്കം 61 പോയിന്റ്. പാലക്കാട് കല്ലടി സ്‌കൂള്‍ ഏഴ് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം 43 പോയിന്റുമായി രണ്ടാമത്. കോതമംഗലം സെന്റ് ജോര്‍ജ് 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഉഷ സ്‌കൂളിന്റെ കരുത്തില്‍ എഎംഎച്ച്എസ് പൂവമ്പായി 23 പോയിന്റുമായി നാലാമതും.

ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ പൊന്നണിഞ്ഞ് പാലക്കാടിന്റെ മുഹമ്മദ് അജ്മലും എറണാകുളത്തിന്റെ സോഫിയ സണ്ണിയും മീറ്റിലെ വേഗമേറിയ താരങ്ങളായി.
രണ്ടാം ദിനമായ ഇന്നലെ നാല് റെക്കോഡുകള്‍ കൂടി പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ കല്ലടിയുടെ എ.പി. അശ്വിന്‍ ശങ്കര്‍, ഇതേവിഭാഗം പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ ്‌ത്രോയില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യ, പോള്‍വോള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ നിവ്യ ആന്റണി എന്നിവരാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. ഇതില്‍ നിവ്യ ദേശീയ റെക്കോഡും മറികടന്ന പ്രകടനമാണ് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.