കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പന ഉത്സവത്തിനൊരുങ്ങുന്നു

Monday 5 December 2016 12:57 am IST

പയ്യാവൂര്‍: ഉത്തരകേരളത്തിലെ മുത്തപ്പന്‍ മടങ്ങളുടെ മൂലസ്ഥാനമായ കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പനയുത്സവത്തിനൊരുങ്ങുന്നു. മലമുകളിലെ മുത്തപ്പ സന്നിധിയില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന തിരുവപ്പനഉത്സവം 17ന് തുടങ്ങും. ഉത്സവത്തിന് മുന്നോടിയായുളള പാടിയില്‍ പണി ഒന്‍പതിന് തുടങ്ങും ഘോര വനാന്തരത്തിലെ മുത്തപ്പസന്നിധിയില്‍ കഴിഞ്ഞ ഉത്സവകാലത്തിനു ശേഷം ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല കാടുമൂടിക്കിടക്കുന്ന മുത്തപ്പ സന്നിധിയില്‍ പുല്ലും, ഓലയും ഉപയോഗിച്ച് താത്ക്കാലികമടപ്പുര നിര്‍മ്മിക്കുന്നതിന്റെയും സ്ഥാനികപ്പന്തല്‍ ഒരുക്കുന്നതിന്റെയും പണികളാണ് ഒന്‍പതിന് നടക്കുന്നത്. സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് താത്ക്കാലിക മീപ്പുരയും വാണവര്‍, അടിയന്തിരക്കാര്‍ എന്നിവര്‍ക്ക് സ്ഥാനികപ്പന്തലുകളും ഒരുക്കും. തിരുവപ്പന കെട്ടിയാടുന്ന വള്ളിയായിലെ അടിയന്തിരക്കാരെ ക്ഷണിക്കാന്‍ പോകുന്ന ചടങ്ങും ഇതോടൊപ്പം നടക്കും 17 മുതല്‍ ജനുവരി 15 വരെയാണ് തിരുവപ്പന മഹോത്സവം. ഉത്സവത്തിന്റെ ആദ്യ ദിനംമാത്രം മുത്തപ്പന്റെ നാലു ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴിശ്ശന്‍ ദൈവം, തിരുവപ്പന എന്നീ രൂപങ്ങള്‍ കെട്ടിയാടും. മറ്റ് ഉത്സവ ദിനങ്ങളില്‍ വൈകുന്നേരം 4.30ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30 ന് തിരുവപ്പനയും കെട്ടിയാടും. മുത്തപ്പന്റെ അമ്മയായി ആരാധിക്കുന്ന മുലംപെററ ഭഗവതിയുടെ കോലവും കെട്ടിയാടും. വിദേശമദ്യം നിരോധിച്ചിട്ടുള്ള പാടിയില്‍ പനംകളളും മത്സ്യ മാംസാദികളുമാണ് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത്. ഉത്സവദിവസങ്ങളില്‍ 24 മണിക്കൂറും മുത്തപ്പ ദര്‍ശനത്തിനായി പാടിയില്‍ സൗകര്യമൊരുക്കുമെന്ന് പാരമ്പര്യ ട്രസ്റ്റിയും കരക്കാട്ടിടം വാണവരുമായ എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ അറിയിച്ചു ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും കുടകില്‍ നിന്നുമായി 15 ലക്ഷത്തിലധികം ഭക്തര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.