ജയലളിത അന്തരിച്ചു

Tuesday 6 December 2016 12:56 pm IST

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത(68) അന്തരിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ചൊവ്വഴ്ച പുലര്‍ച്ചെ 11.30ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ജയലളിതയുടെ വസതിയായ പേയ്സ് ഗാര്‍ഡനിലേക്ക് കൊണ്ടുവന്നു. സംസ്കാരം മറീന ബീച്ചില്‍ നടത്തും. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി നല്‍കി. ഇന്നലെ  ഉച്ചയോടെ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നില അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണെന്നും അവര്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ജയലളിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും നില മെച്ചപ്പെട്ടുവെന്നുമായിരുന്നു എഐഎഡിഎംകെ നേതൃത്വം മുന്‍പ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കി ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഞായറാഴ്ചയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂദല്‍ഹി എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജയലളിതയുടെ ശ്വാസകോശത്തിനേറ്റ അണുബാധയാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. ജയലളിതയുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്ന് അവരെ ചികിത്സിക്കുന്ന ലണ്ടനില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബെയ്ല്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മരണവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകി. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. രണ്ടായിരത്തോളം വരുന്ന പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചു. തമിഴ്‌നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവുവിനോട് ചെന്നൈയില്‍ തുടരാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ ആശുപത്രി അധികൃതരുമായും സംസാരിച്ചു. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.