മൂന്നാറില്‍ കുളിര് പെയ്യുന്നു; ഇടയ്ക്ക് നൂല്‍മഴയും

Sunday 9 April 2017 11:23 am IST

കൊടും ചൂടിന് അല്പം ശമനമുണ്ടായതോടെ തെക്കിന്റെ കശ്മീരായ മൂന്നാറിലെ വിനോദ സഞ്ചാര മേഖല സജീവമായി. മൂന്നാറിലെ തണുപ്പ് ആസ്വാദിക്കാനായി സഞ്ചാരികളുടെ തിരക്കേറി. കുളിരുപെയ്യുന്ന പകലിന്റെ കാഴ്ചയുമായി മൂന്നാര്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ്. മാട്ടുപ്പെട്ടി, കുണ്ടല, ഇക്കോപ്പോയിന്റ്, രാജമല എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. നവംബര്‍ പകുതിയോടെയാണ് കഴിഞ്ഞ വര്‍ഷം വരെ മൂന്നാറില്‍ ശൈത്യമെത്തിയിരുന്നത്. കാലവസ്ഥ മാറിയതോടെ ഇത്തവണ തണുപ്പെത്താന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ രാത്രിയെന്നപോലെ പകലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. കന്നിമലയിലാണ് തണുപ്പ് ഏറ്റവും കുടുതകല്‍ അനുഭവപ്പെട്ടത്. ആറ് ഡിഗ്രിയായിരുന്നു ഇവിടുത്തെ കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ ഒമ്പത് ഡിഗ്രിയും, പഴയമൂന്നാറില്‍ എട്ട് ഡിഗ്രിയുമായിരുന്നു താപനില. താപനില കുറഞ്ഞതോടെ അതിരാവിലെയും വൈകുന്നേരവും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. മഞ്ഞുപെയ്യുന്ന പുല്‍മേടുകള്‍ വെള്ളവിരിച്ചതുപോലെ മനോഹരമായി കിടക്കുന്നു. മഞ്ഞുവീഴ്ചയും അതിശൈത്യവും സഞ്ചരികളെ ധാരാളമായി മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് പലരും പുറത്തിറങ്ങുന്നത്. ക്രിസ്തുമസ് - പുതുവര്‍ഷം എത്തുന്നതോടെ മൂന്നാര്‍ മൈനസ് ഡിഗ്രി താപനിലയിലേക്ക് നീങ്ങും. തമിഴ്നാട്ടില്‍ മഴയായതിനാല്‍ മൂന്നാറില്‍ ചെറിയ നൂല്‍മഴയും ഇടയ്ക്ക് പെയ്തിറങ്ങുന്നുണ്ട്. ഇതും കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്. രാത്രിയിലെ കടുത്ത മഞ്ഞുവീഴ്ചയും പകലത്തെ ചൂടും തേയിലച്ചെടികള്‍ക്ക് ഹാനികരമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ കാലാവസ്ഥ തുടര്‍ന്നാല്‍ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കാന്‍ കാരണമാകുമെന്നാണ് തോട്ടമുടമകള്‍ പറയുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.