ശബരിമല ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

Monday 5 December 2016 9:28 pm IST

ശബരിമല: ശബരിമലയിലെ പോലീസ് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പകര്‍ത്തിയ തന്ത്രപ്രാധാന്യമേറിയ ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഡിസംബര്‍ ആറിന് ഭീകരവാദികളുടെ അക്രമത്തെ പ്രതിരോധിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെലിക്യാം ഉപയോഗിച്ച് പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഈ ദൃശ്യങ്ങളാണ് മുപ്പതിലധികം ക്ലിപ്പിംഗുകളോടെ യുട്യൂബിലൂടെ ലോകം കണ്ടത്. വനത്തിലുള്ളിലൂടെ സന്നിധാനത്തേക്ക് എത്താന്‍ കഴിയുന്ന വഴികള്‍, നടപ്പന്തല്‍, ശ്രീകോവില്‍, ആഴി, കേന്ദ്രസേനയുടെ വിന്യാസം, സുരക്ഷയ്ക്കായി കേന്ദ്രസേന തയ്യാറാക്കിയിട്ടുള്ള മോര്‍ച്ചകള്‍, വാച്ച് ടവറുകള്‍ തുടങ്ങിയ സുരക്ഷാപ്രധാന്യമേറിയ ക്ലിപ്പിംഗുകളാണ് സ്വകാര്യ ഏജന്‍സി പുറത്തുവിട്ടത്. ഈ ദൃശ്യങ്ങളെല്ലാംതന്നെ നിരവധി പേരാണ് ഡൗണ്‍ലോഡ് ചെയ്ത് എടുത്തിട്ടുള്ളത്. ഈ ക്ലിപ്പിംഗുകള്‍ ഭീകരവാദികളുടെ കയ്യില്‍ ചെന്നുപെട്ടാലുള്ള ആശങ്കയിലാണ് അധികൃതര്‍. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസാണ് ആകാശ നിരീക്ഷണം നടത്തിയത്. ആകാശനിരീക്ഷണം നടത്താനുള്ള നീക്കം കേന്ദ്രസേന കഴിഞ്ഞവര്‍ഷം നടത്തിയെങ്കിലും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കേരളാ പോലീസായിരുന്നു അതിന് തടസ്സം നിന്നത്. ആ കേരള പോലീസ് വഴിയാണ് ഇപ്പോള്‍ ദൃശ്യങ്ങല്‍ പുറത്തുപോയിട്ടുള്ളത്. പോലീസിന്റെ ആകാശനിരീക്ഷണ ഉപകരണമായ ഡ്രോണ്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നതെന്നായിരുന്നു ഇവര്‍ ദേവസ്വം ബോര്‍ഡിനെയും മാധ്യമങ്ങളെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ സ്വകാര്യ ഏജന്‍സിയുടെ ഹെലിക്യാം വാടകയ്‌ക്കൈടുത്ത് അതില്‍ കേരള പോലീസ് എന്ന് സ്റ്റിക്കര്‍ ഒട്ടിച്ചായിരുന്നു നിരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ ഏജന്‍സിയാണ് ദൃശ്യങ്ങള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഉപകരണം നിരീക്ഷണ പറക്കല്‍ നടത്തുമ്പോള്‍ അതില്‍ സ്ഥാപിച്ചിട്ടുള്ള മെമ്മറി കാര്‍ഡിലും അതോടൊപ്പം ഉപകരണവുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ഫോണിന്റെ മെമ്മറിയിലും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യും. ഇതില്‍ ഉപകരണത്തില്‍ സ്ഥാപിച്ച മെമ്മറി കാര്‍ഡ് മാത്രമാണ് ഏജന്‍സി പോലീസിന് കൈമാറിയത്. ഫോണിലെ കാര്‍ഡില്‍ നിന്നാണ് ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് സൂചന. ശബരിമലയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുന്ന തന്ത്രപ്രധാന മേഖലകളിലെ ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ ഇടയായ സംഭവം വളരെ ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്. ശ്രീകോവില്‍ ഉള്‍പ്പെടുന്ന വ്യക്തമായ ആകാശ ദൃശ്യമാണ് പുറത്തായിട്ടുള്ളത്. തന്ത്രപ്രധാന മേഖലകളെ നിരീക്ഷിക്കാനും സേനാ വിന്യാസത്തിന്റെ സ്വഭാവം മനസ്സിലാക്കാനും അതിലൂടെ പഴുതുകള്‍ കണ്ടെത്തി നുഴഞ്ഞു കയറുന്നതിന് ഭീകരവാദികള്‍ക്ക് അവസരം ഉണ്ടാകുമെന്നാണ് നിഗമനം. സ്വകാര്യ ടിവി ചാനലില്‍ ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശേഷമാണ് സ്വകാര്യ ഏജന്‍സി യൂട്യൂബില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ പിന്‍വലിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണം: ദേവസ്വം ബോര്‍ഡ് ശബരിമല: ശബരിമലയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പകര്‍ത്തിയ ആകാശദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പ്രചരിക്കാന്‍ അവസരമുണ്ടാക്കിയ പോലീസ് നടപടിയില്‍ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കാര്യങ്ങള്‍ പോലും സുരക്ഷയുടെ പേരില്‍ നീക്കാന്‍ നിര്‍ദ്ദേശിച്ച പോലീസിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് വന്‍ സുരക്ഷാവീഴ്ചയാണ്. ഇത് ഭക്തരുടെയും ക്ഷേത്രത്തിന്റെ സുരക്ഷയെയും കാര്യമായി ബാധിക്കാവുന്നതാണ്. സന്നിധാനം സ്‌പെഷ്യല്‍ ആഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരെ സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.