തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നീട്ടി വയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന സി.പി.എം നേതാവ് എം.വിജയകുമാറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കന്മാര് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു. പി.ടി. തോമസ് എംപിക്കെതിരായി ഹൈക്കമാന്‍ഡിന് അയച്ച പരാതി നിലനില്‍ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരേ പാര്‍ട്ടിയിലാരും ഗൂഢാലോചന നടത്തിയിട്ടില്ല. ഗൂഢാലോചന നടത്തിയെന്ന പി.ടി. തോമസിന്റെ പ്രസ്താവന മുഖ്യമന്ത്രി തന്നെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: