ശബരിമലയിലും ജാഗ്രതാ നിര്‍ദ്ദേശം

Monday 5 December 2016 10:30 pm IST

ശബരിമല: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായെന്ന വാര്‍ത്തയെ തുടര്‍ന്ന് സന്നിധാനത്ത് പോലീസ് പ്രത്യേക സുരക്ഷയൊരുക്കി. സംഭവം പുറത്തറിഞ്ഞ ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് പമ്പയിലും സന്നിധാനത്തും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയത്. വാര്‍ത്ത അറിയുന്ന തമിഴ്‌നാട്ടുകാരായ ഭക്തരുടെ വൈകാരികമായ നടപടികള്‍ ഉണ്ടാവാതിരിക്കാനാണ് സുരക്ഷ ഒരുക്കിയത്. പതിനെട്ടാം പടിക്ക് സമീപമുള്ള ആഴിക്ക് ചുറ്റും കയര്‍കെട്ടി തടസ്സം സൃഷിടിച്ചിട്ടുണ്ട്. ആഴിയിലേക്ക് നാളികേരം എറിയാന്‍ കയറ്റിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊലീന്റെയും ദ്രുതകര്‍മ്മസേനയും ചുറ്റും സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട്. കൂടാതെ പമ്പാനദിയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികള്‍ പ്രകോപിതരാകുമോ എന്ന ആശങ്കയില്‍ ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക പൊലിസിനേയും നിയോഗിച്ചു. പമ്പയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുളള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച ബസ്സുകള്‍ തമിഴ്‌നാട് അതിര്‍ത്തിവരെ മാത്രമേ സര്‍വീസ് നടത്തിയുള്ളു. പമ്പയില്‍ നിന്നും പഴനിക്കു പോയ ഒരു ബസ് തേനിയില്‍ സര്‍വീസ് നിര്‍ത്തിവച്ചു. കന്യാകുമാരി തെങ്കാശി, ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി, പഴനി എന്നിവിടങ്ങിലേക്കായിരുന്നു പമ്പയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നത്. ദിനംപ്രതി അരലക്ഷത്തോളം അയ്യപ്പഭക്തരാണ് തമിഴ്‌നാട്ടില്‍ നിന്നും ദര്‍ശനത്തിന് എത്തുന്നത്. ശബരിമലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മൂവായിരത്തിലധികം തൊഴിലാളികളേയും പമ്പിയിലേയും സന്നിധാനത്തും കടകളില്‍ ജോലിനോക്കുന്ന തമിഴ്‌നാട് സ്വദേശികളെയും പൊലീസ് നിരീക്ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.