ആരാണ് സംന്യാസി ആരാണ് യോഗി (6-1)

Monday 5 December 2016 9:38 pm IST

  കഴിഞ്ഞ അധ്യായത്തില്‍ കര്‍മം ഉപേക്ഷിക്കുന്നതിനെക്കാള്‍, കര്‍മയോഗമാണ് ശ്രേഷ്ഠമെന്ന് പറഞ്ഞു. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ കര്‍മങ്ങള്‍ ഭഗവാനുമായി യോജിപ്പിക്കുന്ന കര്‍മയോഗിയും അന്തഃകരണ ശുദ്ധി നേടി, വായുധാരണരൂപമായ യോഗത്തിലൂടെ ഭഗവാനുമായി ബന്ധപ്പെടുന്ന ധ്യാനയോഗിയും കര്‍മയോഗി തന്നെ എന്ന് വിശദീകരിച്ച് യോഗ പദ്ധതി ഉപദേശിക്കുന്നു. കര്‍മഫലം അനാശ്രിതഃ- വേദങ്ങളിലും സ്മൃതികളിലും നമുക്ക് അനുഷ്ഠിക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കുന്ന കര്‍മങ്ങളുടെ ഫലം സ്വര്‍ഗം മുതലായ ദിവ്യലോകങ്ങളിലെ സുഖങ്ങളാണ്. ഈ സുഖങ്ങള്‍ മാത്രമല്ല, വേദാന്ത ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന പരമതത്ത്വത്തില്‍ വിലയം പ്രാപിക്കുക എന്ന സായുജ്യസുഖവും നാം ഉപേക്ഷിക്കണമെന്നാണ് ഭഗവാന്‍ ഈ ശ്ലോകത്തിലും ഇനിവരാന്‍ പോകുന്ന അധ്യായങ്ങളിലും പ്രതിപാദിക്കുന്നത്. കാര്യം കര്‍മകരോതി- ഈ മാനസികാവസ്ഥയില്‍ എത്തിയ വ്യക്തി തന്റെ വര്‍ണാശ്രമങ്ങള്‍ക്കു വിധിക്കപ്പെട്ട കര്‍മങ്ങള്‍ ചെയ്യുകതന്നെ വേണം. ഉപേക്ഷിക്കാന്‍ പാടില്ല. ഫലം ആഗ്രഹിക്കാതെ, ഈശ്വരാരാധനയായി ചെയ്യണം എന്നുമാത്രം. ഈ രീതിയില്‍ ജീവിതം തുടരുന്ന വ്യക്തിയെയാണ് 'സംന്യാസി' എന്നും 'യോഗി' എന്നും വിളിക്കേണ്ടത്. കര്‍മഫലം ഉപേക്ഷിക്കുന്നതുകൊണ്ട് സംന്യാസി എന്നും, കര്‍മങ്ങള്‍ ഭഗവാനുമായി യോജിപ്പിക്കുന്നതുകൊണ്ട് 'യോഗി' എന്നും അര്‍ത്ഥം മനസ്സിലാക്കണം. ന നിരഗ്നിഃ, ന അക്രിയഃ ച- വിരുദ്ധമായി ജീവിതം നയിക്കുന്നവരുണ്ട്. ആത്മീയഗ്രന്ഥങ്ങള്‍ പഠിച്ച്, ഞാന്‍ മുക്തനായെന്ന് ചിന്തിക്കുന്നവരും പറയുന്നവരുണ്ട്. അത് തെറ്റായ ജ്ഞാനമാണ്. ഈ അറിവോടെ അഗ്നിഹോത്രാദി വൈദിക കര്‍മങ്ങള്‍ മുഴുവനും ഉപേക്ഷിക്കുന്നവരുണ്ട്. അവനെയാണ് 'നിരഗ്നിഃ' എന്ന് പറഞ്ഞത്. ശ്രീകൃഷ്ണ ഭഗവാന്റെ തേജസ്സാണ് അഗ്നിയില്‍ ജ്വലിക്കുന്നത്. ''യച്ചാഗ്നൗ തത്തേജോവിദ്ധി മാമകം'' (ഗീത-15-12) (അഗ്നിയിലെ തേജസ്സ് എന്റെതാണ് എന്ന് ഭഗവാന്‍ തന്നെ പറയുന്നു. സന്ധ്യാദീപം പോലും കൊളുത്താത്തവര്‍ ഭഗവാനെ അനാദരിക്കുകയാണ് ചെയ്യുന്നത്. അതുപോലെ അന്തഃകരണത്തെ വശീകരിക്കാന്‍ കഴിയാത്തവരാണെങ്കിലും കയ്യും കാലും ലേശംപോലും ഇളക്കാതെ അരയാല്‍ത്തറകളിലും ക്ഷേത്രപരിസരങ്ങളിലും മറ്റാളുകള്‍ കാണത്തക്കവണ്ണം നിവര്‍ന്നിരുന്ന് ഭഗവാനെ ധ്യാനിക്കുകയാണെന്ന് നടിച്ചുകൊണ്ട് ഇരിക്കുന്നവരുണ്ട്. പക്ഷേ അവര്‍ മനസ്സുകൊണ്ട് ഭഗവാനെയല്ല, വേറെ ഏതെങ്കിലും ഭൗതിക വസ്തുക്കളെയോ വ്യക്തികളെയോ ആയിരിക്കും ചിന്തിക്കുന്നത്. അവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഈ മാതിരി വ്യക്തികളെ സംന്യാസി എന്നോ യോഗി എന്നോ നാം കരുതരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.