കുടിവെള്ള പദ്ധതിക്ക് സമീപം കക്കൂസ് മാലിന്യം ഒഴുക്കി

Monday 5 December 2016 9:53 pm IST

കാഞ്ഞിരപ്പള്ളി: ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള കുടിവെള്ള പദ്ധതിക്കും കൈതോടിനും സമീപം കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. പൊടിമറ്റം-ആനക്കല്ല് റോഡില്‍ വണ്ടന്‍പാറയില്‍ പുല്‍ക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുഴല്‍ക്കിണറിന് സമീപമാണ് കക്കൂസ് മാലിന്യം മൊഴുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ടാങ്കര്‍ ലോറിയില്‍ എത്തിച്ച മാലിന്യം അര്‍ദ്ധരാത്രിയോടെ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഒഴുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റര്‍ രാവിലെ വെള്ളം പമ്പ് ചെയ്യാനായി എത്തിയപ്പോഴാണ് സമീപത്ത് മാലിന്യം ഒഴുക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. പുല്‍ക്കുന്ന് മേഖലയിലുള്ള 150 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ജലസ്രോതസ്സിന് സമീപത്ത് മാലിന്യങ്ങള്‍ തള്ളിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മാലിന്യ മൊഴുക്കിയതിന് സമീപത്തായി ഒരു കൈ തോടും ഒഴുകുന്നുണ്ട്. മാലിന്യം തള്ളിയത് മൂലം കുടിവെള്ള പദ്ധതിയിലെയും തോട്ടിലെയും വെള്ളം മലിനമായതായി പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മാലിന്യം തള്ളിയ സ്ഥലത്ത് ആരോഗ്യ വകുപ്പധികൃതരും പൊലീസും എത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.