തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്കുന്ന നോട്ടുപിന്‍വലിക്കലിനെ അട്ടിമറിക്കുന്നവര്‍ അഴിമതിക്കാരെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പൊതുജനങ്ങള്‍ക്കും വ്യാപാരികള്ക്കുമിടിയില് ഡിജിറ്റല്‍ ബാങ്കിംഗ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ടുപിന്‍വലിക്കലിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുണ്ട്. കറന്‍സി രഹിത സമ്പദ് വ്യവസ്ഥ അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കും. കേരളത്തില്‍ ഇതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍തന്നെ വഴിതിരിച്ചുവിടുകയാണ്. പരിമിതമായ കറന്‍സി മികച്ച സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും തീവ്രവാദ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയും ചെയ്യും.
ഡിജിറ്റല്‍ ബാങ്കിങ് നമ്മുടെ അവസാന പൈസയും അക്കൗണ്ടബിള്‍ ആക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റല്‍ ബാങ്കിങ് വഴി അഴിമതി രഹിതമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും എം.ടി. രമേശ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ തിരുവനന്തപുരത്തിന്റെ ലോഗോയും എം.ടി.രമേശ് പ്രകാശനം ചെയ്തു. എസ്ബിഐ മാനേജര്‍ രമ്യതോമസ് ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പരിശീലനം നല്കി. അഡ്വ.ആര്.എസ്.രാജീവ്, ബിജു ബി.നായര്‍, ജ്യോതിഷ് നായര്‍, കിരണ്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡിജിറ്റല്‍ തിരുവനന്തപുരം മിഷന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം നാളെ പാപ്പനംകോട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍വഹിക്കും. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സൗകര്യം പരിചയപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: