സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്

Tuesday 6 December 2016 12:29 am IST

ആലപ്പുഴ: സ്പിരിറ്റ് കച്ചവടത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഏഴു സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം കഠിനതടവ്. മാരാരിക്കുളം തെക്കുപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ അറയ്ക്കല്‍ വീട്ടില്‍ സ്റ്റീഫന്റെ മകന്‍ സണ്ണി (ജോണ്‍ ബോസ്‌കോ 30)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി 2 ജഡ്ജി ഫെലിക്‌സ് മേരിദാസ് ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ മാരാരിക്കുളം തെക്ക് മൂന്നാം വാര്‍ഡില്‍ കളത്തില്‍പറമ്പില്‍ വീട്ടില്‍ രാജഗോപാല്‍ (കൊമ്പറമ്പന്‍ ബിനു 37), രണ്ടാം വാര്‍ഡില്‍ കുരിശുങ്കല്‍ വീട്ടില്‍ ജോസഫ് (ബോണിച്ചന്‍ 32), തയ്യില്‍ വീട്ടില്‍ ജാക്‌സണ്‍ (സുഭാഷ് 32), മണ്ണഞ്ചേരി 21-ാം വാര്‍ഡില്‍ ഐടിസി കോളനിയില്‍ പുതുവല്‍ വീട്ടില്‍ ശെല്‍വരാജ് (ശെല്‍വന്‍ 39), മാരാരിക്കുളം തെക്ക് 21-ാം വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ ഷിബു (33), മണ്ണഞ്ചേരി 21-ാം വാര്‍ഡില്‍ കണ്ണന്തറ വീട്ടില്‍ സുധീര്‍ (37), മാരാരിക്കുളം തെക്ക് അഞ്ചാം വാര്‍ഡില്‍ പുന്നയ്ക്കല്‍ വീട്ടില്‍ സജി (ബോസ് 35) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിനും 25,000 രൂപ വീതം പിഴയും വിധിച്ചത്. 2007 നവംബര്‍ 18ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സണ്ണി, ശ്രീകുമാര്‍, ലാലാച്ചന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരും സ്പിരിറ്റ് കച്ചവടം നടത്തുന്നവരുമായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് 2005 ജനുവരി 20ന് സണ്ണിയും ശ്രീകുമാറും ചേര്‍ന്ന് ലാലാച്ചനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പിന്നീട് ലാലാച്ചന്റെ സുഹൃത്തുക്കളായി പ്രതികള്‍ സണ്ണിയുടെ വീട് പലതവണ ആക്രമിച്ചു. ഒളിവിലായിരുന്ന സണ്ണി വീട്ടിലെത്തിയ വിവരമറിഞ്ഞ് വീടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സണ്ണിയോടൊപ്പം വീട്ടിലുണ്ടായിരുന്ന സിബിച്ചനും സാരമായി പരിക്കേറ്റു. ഇയാള്‍ മാത്രമാണ് കേസിലെ ദൃക്‌സാക്ഷി. ആകെ 27 സാക്ഷികളുണ്ടായിരുന്നു. മറ്റു സ്വതന്ത്ര സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ഷാജഹാന്‍ ഹാജരായി. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ പലരും സിപിഎമ്മിനുവേണ്ടി ക്വട്ടേഷന്‍ അക്രമം നടത്തിയിരുന്നവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.