ഹിക്കാക്കയെ ജനകീയ കോടതിയില്‍ ഹാജരാക്കി

Thursday 19 April 2012 9:20 pm IST

ഭുവനേശ്വര്‍: ഒഡീഷ ബിജെഡി എംഎല്‍എ ജിനാ ഹിക്കാക്കയെ മാവോയിസ്റ്റുകള്‍ ജനകീയ കോടതിയില്‍ ഹാജരാക്കി. എംഎല്‍എയെ വിട്ടുകിട്ടുന്നതിന്‌ ജയിലില്‍ കഴിയുന്ന 13 പേരുടെ കേസുകള്‍ പിന്‍വലിക്കാമെന്ന്‌ ബുധനാഴ്ച ഒഡീഷാ സര്‍ക്കാര്‍ ഉറപ്പുപറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്നലെ മാവോയിസ്റ്റുകള്‍ എംഎല്‍എയെ ജനകീയ കോടതിയില്‍ ഹാജരാക്കിയത്‌. കൊരാപുട്ട്‌ ജില്ലയിലെ നാരായണ്‍ പാട്ന പ്രദേശത്തെ ആന്ധ്രാ ഒഡീഷാ ബോര്‍ഡര്‍ സ്പെഷ്യല്‍ സോണല്‍ കമ്മറ്റിയുടെ ജനകീയ കോടതിയിലാണ്‌ എംഎല്‍എയെ ഹാജരാക്കിയത്‌.
എംഎല്‍എയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ജനകീയ കോടതിയില്‍ ഹാജരാക്കിയതു സംബന്ധിച്ചും വിവരങ്ങള്‍ സ്ഥിരീകരിച്ചതായും മാവോയിസ്റ്റുകള്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ നിഹാര്‍ രഞ്ജന്‍ പട്നായിക്ക്‌ വ്യക്തമാക്കി.
എന്നാല്‍ ജനകീയ കോടതിയിലെ നടപടിക്രമങ്ങള്‍ എന്ന്‌ അവസാനിക്കുമെന്നോ എംഎല്‍എയെ വിട്ടയക്കുന്നതു സംബന്ധിച്ച്‌ യാതൊരു വിവരവുമില്ലെന്ന്‌ പട്നായിക്‌ പറഞ്ഞു. മാവോയിസ്റ്റുകളുടെ ആവശ്യം അംഗീകരിക്കുന്നതിന്‌ സര്‍ക്കാരിന്‌ നല്‍കിയ അന്ത്യശാസനം ബുധനാഴ്ച വൈകുന്നേരം അവസാനിച്ചിരുന്നു. ജയിലില്‍ കഴിയുന്ന 13 പേരെയും കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ ബുധനാഴ്ച അറിയിച്ചതോടെയാണ്‌ എംഎല്‍എയെ കോടതിയില്‍ ഹാജരാക്കിയത്‌. എന്നാല്‍ എംഎല്‍എയെ വിട്ടുകിട്ടുന്നതു സംബന്ധിച്ച തീരുമാനം കോടതി നടപടിയിലൂടെ മാത്രമേ എടുക്കുകയുളളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച്‌ 24 നാണ്‌ എംഎല്‍എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌. അതേസമയം, നിയമനടപടികളിലൂടെ മാത്രമേ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയക്കുന്നത്‌ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും ആഭ്യന്തര സെക്രട്ടറി യു.എന്‍. ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഒഡീഷാ സര്‍ക്കാരില്‍ തങ്ങള്‍ക്ക്‌ വിശ്വാസമില്ലെന്നും എംഎല്‍എയുടെ വിധി എന്താണെന്ന്‌ ജനകീയ കോടതി തീരുമാനിക്കുമെന്നും മാവോയിസ്റ്റ്‌ നേതാവ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ പുതിയ സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ നാലുതവണ സര്‍ക്കാരിന്‌ നല്‍കിയ അന്ത്യശാസനം നീട്ടിവെച്ചിരുന്നു. ഇനി അതുണ്ടാകില്ലെന്നും സന്ദേശത്തില്‍ പറയുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.