പാതയോരങ്ങള്‍ ബാറുകളായി

Tuesday 6 December 2016 9:06 pm IST

ചെങ്ങന്നൂര്‍: നഗരത്തിലെ പാതയോരങ്ങള്‍ ബാറുകളായും കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങളായും മാറുന്നു. സന്ധ്യ മയങ്ങുന്നതോടെ ചെങ്ങന്നൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന റോഡുകളും ഇടവഴികളും ഇക്കൂട്ടര്‍ കയ്യടക്കുന്നത്. ആയിരക്കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ചുമാണ് കഞ്ചാവ് വില്‍പ്പന നടക്കുന്നത്. ആലാ, തിരുവന്‍വണ്ടൂര്‍, വെണ്മണി, മുളക്കുഴ പഞ്ചയത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് അനധികൃത മദ്യവില്‍പ്പന വ്യാപകമായും നടക്കുന്നത്. ബാറുകള്‍ പലതും അടച്ച് ബീവറേജസ് ഔട്ടലെറ്റില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതാണ് വ്യാജവാറ്റ് വ്യാപിക്കാന്‍ കാരണം. ക്രിസ്തുമസ്-പുതുവത്സരം ലക്ഷ്യമിട്ട് വ്യാജമദ്യ മാഫിയകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചും ഉള്‍ പ്രദേശങ്ങളിലെ പാടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് ഇത്തരം സംഘങ്ങള്‍ അധികവും. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പന നടത്തുന്നവരെ കണ്ടെത്തുകയാണ് ഏറെ പ്രയാസകരം. ഒളിപ്പിച്ച് കടത്താന്‍ സാധിക്കുന്നു എന്നതാണ് ഇതിന് കാരണം. ലഭിക്കന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും കഞ്ചാവ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സാധിക്കുന്നത്. ഇത്തരക്കാരെ പിടികൂടാനും അബ്കാരി, മയക്കുമരുന്ന് മേഖലകളില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും എക്സൈസ് വകുപ്പ് നടപടികള്‍ ആരംഭിച്ചു. വ്യാജമദ്യ മാഫിയകളുടെ പ്രവര്‍ത്തനം വ്യാപകമാവാനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ്, ചാരായം, വിദേശമദ്യം,കഞ്ചാവ്,മയക്കുമരുന്ന് എന്നിവ വാഹനങ്ങള്‍ വഴിയും കാല്‍നടയായും കടത്തികൊണ്ടു വരുവാനും മറ്റുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടികള്‍. അനധികൃത സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, ഉല്‍പ്പാദനം, വിപണനം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക വിഭാഗവും സജ്ജമായിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പതിനഞ്ചും, പുകവലിച്ചതിന് പതിനാലും കേസുകളാണ് കഴിഞ്ഞ ഒരാഴ്ച ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് പെട്രോളിങ് ശക്തമാക്കും. സംഘങ്ങളായി തിരിഞ്ഞ് വാഹന പരിശോധന നടത്തുന്നുണ്ട്. റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ചാരായ വില്‍പ്പന സംഘം പിടിയില്‍ ചെങ്ങന്നൂര്‍: വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന ആല പെണ്ണുക്കര വടക്കും മുറിയില്‍ ശ്യാം തുരുത്തില്‍ വീട്ടില്‍ ബിജുവിനെ (48) എക്സൈസ് സംഘം പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും അഞ്ചു ലിറ്റര്‍ ചാരായം, 150 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍ എന്നിവ പിടികൂടി. വീടു കേന്ദ്രീകരിച്ച് വ്യാപകമായി വ്യാജ ചാരായ വില്‍പ്പനയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി. കോട്ടയം അതിരമ്പുഴ സ്വദേശി വിനുമോന്‍ (29) ആണ് ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നിന്നും പൊതികളാക്കിയ 21 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊഴുവല്ലൂരില്‍ സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ എക്സൈസ് സംഘത്തെ കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വെണ്മണിഏറം കിഴക്കേപടനിലത്ത് ശ്രീജിത്തിനെതിരേ (ലിജു-30) എക്സൈസ് കേസെടുത്തു. ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും പൊതികളിലാക്കിയ 10 ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. ഇയാള്‍ക്ക് വേണ്ടി എക്സൈസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരിശോധനകള്‍ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. റെജി നേതൃത്വം നല്‍കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സദാശിവന്‍പിള്ള, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ അനി, പത്മകുമാര്‍, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിനേഴുലിറ്റര്‍ അനധികൃത വിദേശമദ്യം പിടികൂടി ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സിഐ കെ.ആര്‍. ബ്ബുവും സംഘവും മാവേലി്ക്കര കായംകുളം ഭാഗത്ത് നടത്തിയ റെയിഡില്‍ 17 ലിറ്റര്‍ വിദേശമദ്യവും മൂന്നുവാഹനങ്ങളും പിടികൂടി. അഞ്ചു പ്രതികള്‍ക്കെതിരെ കേസെടുത്തു. കാര്‍ത്തികപ്പള്ളി മുതുകുളം തെക്ക് ചൂളത്തെരുവ് തട്ടുപുരയ്ക്കല്‍ ഹരി (44), മാവേലിക്കര കണ്ണമംഗലം കൈതമുക്ക് കരിപ്പോലില്‍ ശശികുമാര്‍(53), ഭാര്യ ഉഷ (42), കാര്‍ത്തികപ്പള്ളി പത്തിയൂര്‍ തോട്ടത്തുംമുറിയില്‍ ഇഞ്ചിത്തറയില്‍ രാജന്‍ (77), കണ്ണമംഗലം ചെട്ടികുളങ്ങര ഏഴാം വാര്‍ഡില്‍ ഇലവുങ്കല്‍ രാജീവ് (29) എന്നിവരെയാണ് പിടികൂടിയത്. ഹരിയില്‍ നിന്നും 1.650 ലിറ്റര്‍ വിദേശമദ്യവും 250 രൂപയും ശശി, ഉഷ എന്നിവരില്‍ നിന്നും 3.700 ലിറ്റര്‍ വിദേശമദ്യവും 300 രൂപയും സ്‌കൂട്ടറും, രാജനില്‍ നിന്നും ഏഴു ലിറ്റര്‍ മദ്യവും 700 രൂപയും മഹിന്ദ്ര സ്‌കൂട്ടറും, രാജീവില്‍ നിന്നും അഞ്ചുലിറ്റര്‍ വിദേശമദ്യവും യമഹ ബൈക്കും പിടികൂടി. റെയിഡില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. പ്രിയലാല്‍, എം. റെനി, ടി. ജയേഷ്, വി.ബി. വിപിന്‍, ടി. അനൂപ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.