പഞ്ചായത്ത് വസ്തു പള്ളിക്കാര്‍ സ്വന്തമാക്കി

Tuesday 6 December 2016 9:16 pm IST

തൊടുപുഴ: മുട്ടം പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള മുസ്ലിംപള്ളി പഞ്ചായത്ത് വക സ്ഥലം കൈവശപ്പെടുത്തി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉണ്ടായിരുന്ന കെട്ടിടത്തില്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ മഹിളാ സമാജം പ്രവര്‍ത്തിച്ചിരുന്നു. കാലപഴക്കത്താല്‍ കെട്ടിടം തകര്‍ന്നു പോയപ്പോള്‍ മഹിളാ സമാജത്തിന്റ പ്രവര്‍ത്തനവും നിലച്ചു. ഇവിടെയുള്ള കിണര്‍ പഞ്ചായത്തിന്റെ വകയാണ്. ഇപ്പോള്‍ കിണറും മഹിളാ സമാജം കെട്ടിടമിരുന്ന സ്ഥലവും മുസ്ലിം പള്ളി അധികാരികള്‍ സ്വന്തം എന്ന നിലയില്‍ ഉപയോഗിക്കുകയാണ്. ഈ സ്ഥലം കൈവശപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുവാന്‍ കാലങ്ങളായി മാറി മാറി ഭരിച്ച പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് പഞ്ചായത്ത് വക സ്ഥലം മുസ്ലിം പള്ളി കൈയ്യേറിയ വിവരം ജില്ലാ കളക്ടറെ അറിയിച്ചത്. 2014 ലാണ് ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. കളക്ടര്‍ പഞ്ചായത്ത് അധികൃതരോട് നിജസ്ഥിതി അറിയുവാന്‍ റിപ്പോര്‍ട്ട് തേടി. പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് കൊടുത്ത മറുപടിയില്‍ പഞ്ചായത്ത് വക സ്ഥലമാണ് പള്ളി അധികൃതര്‍ കൈയ്യേറിയിട്ടുള്ളത് എന്ന കാര്യം സമ്മതിക്കുന്നുണ്ട്. കളക്ടര്‍ താലൂക്ക് സര്‍വെയറോട് സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നഗ്‌നമായ കൈയ്യേറ്റമായിട്ടും ശക്തമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മടി കാണിക്കുകയാണ്. സ്ഥലം അളക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ താലൂക്ക് സര്‍വെയറെ സമീപിച്ചിട്ടും ഇതുവരെ അളക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളതാണ് കടുത്ത നടപടികളിലേക്ക് കടക്കുവാന്‍ അധികൃതര്‍ മടിക്കുന്നത്. ആരാധനാലയത്തിന്റെ മറവിലെ കയ്യേറ്റമായതിനാല്‍ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുവാന്‍ അധികാരികള്‍ വിമുഖത കാണിക്കുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലമാണ് മുസ്ലിം പള്ളിയുടെ മറവില്‍ തട്ടിയെടുക്കുവാനുള്ള നീക്കം നടക്കുന്നത്. കയ്യേറ്റത്തിനെ കോണ്‍ഗ്രസും സിപിഎമ്മും അനുകൂലിക്കുന്നതിനാലാണ് നടപടിയുണ്ടാകാത്തതെന്ന് ആക്ഷേപം ശക്തമാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടും നടപടിയെടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.