അതിര്‍ത്തി നിശ്ചലം; മൂന്നുബസുകള്‍ക്ക് നേരെ കല്ലേറ്

Wednesday 7 December 2016 2:17 am IST

നെയ്യാറ്റിന്‍കര: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അതിര്‍ത്തിപ്രദേശം നിശ്ചലം. കെഎസ്ആര്‍ടിസി തമിഴ്‌നാട് സര്‍വീസുകള്‍ റദ്ദുചെയ്തു. തിങ്കളാഴ്ച വൈകീട്ട് ജയലളിതയുടെ നില അതീവ ഗുരുതരമെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ കെഎസ്ആര്‍ടിസി തമിഴ്‌നാട് സര്‍വീസുകള്‍ അതിര്‍ത്തിവരെ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. രാത്രി 11.30 ഓടെ മരണവിവരം പുറത്തുവന്നതും തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തിനു സമീപം മേല്‍പുറത്ത് നാട്ടുകാര്‍ മൂന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. മറ്റ് അനുഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ ഇന്നലെ കെഎസ്ആര്‍ടിസി തമിഴ്‌നാട് വഴിയുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദ് ചെയ്യുകയായിരുന്നു. സര്‍വീസുകള്‍ അതിര്‍ത്തിക്ക് കിലോമീറ്ററുകള്‍ക്ക് മുമ്പേ ഇഞ്ചിവിളയില്‍ അവസാനിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും മറ്റ് ആവശ്യങ്ങള്‍ക്കായുള്ളവരും കിലോമീറ്ററുകള്‍ നടന്ന് ഇഞ്ചിവിളയില്‍ എത്തിയാണ് വാഹനങ്ങള്‍ തരപ്പെടുത്തിയത്. മരണവിവരം അറിഞ്ഞ മുതല്‍ തന്നെ അതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലെയും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടച്ചുതുടങ്ങിയിരുന്നു ഇന്നലെയും പൂര്‍ണമായും അടഞ്ഞുകിടന്നു. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് കേരള പോലീസുകള്‍ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും അതിര്‍ത്തികടന്ന് പോകുന്ന വാഹനങ്ങളെ കോഴിവിളയില്‍ നാട്ടുകാര്‍ തടഞ്ഞു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങളെ കേരളപോലീസ് നിര്‍ദേശം നല്‍കി തിരിച്ചയച്ചു. അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും പാറശാലയിലും സമീപ പ്രദേശങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കീട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.