അംബേദ്കര്‍ അധഃസ്ഥിതരുടെ നീതിക്ക് വേണ്ടി പ്രയത്‌നിച്ചു: ഒ. രാജഗോപാല്‍

Wednesday 7 December 2016 2:32 am IST

തിരുവനന്തപുരം: അധഃസ്ഥിതര്‍ക്ക് ഭരണഘടനാപ്രകാരം നീതി ലഭ്യമാക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ഡോ. ബി. ആര്‍. അംബേദ്കറുടേതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്മൃതിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. വടക്കേ ഇന്ത്യയില്‍ നിലനിന്ന അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് സനാതനധര്‍മ്മവുമായി ഒത്തു പോകുന്ന ബുദ്ധമതവിശ്വാസിയാകുകയായിരുന്നു അദ്ദേഹം. ഇന്ന് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ ഭരണഘടനാശില്പ്പിയെന്നനിലയില്‍ അദ്ദേഹം സാദ്ധ്യമാക്കിയതാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഭരണഘടന നിലനില്‍ക്കുവോളം സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലും നീതി നിഷേധം നടത്തുന്ന ഇടതുപക്ഷക്കാരാണ് പട്ടികജാതിക്കാര്‍ക്കുവേണ്ടി കപടസ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ പറഞ്ഞു. നീതി നിഷേധങ്ങള്‍ക്കെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ പട്ടികജാതി കുടുംബങ്ങളിലും എത്തിക്കാന്‍ ശ്രമിക്കണം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംബേദ്ക്കറുടെ ചിത്രത്തില്‍ ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടെയും നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. പട്ടികജാതി മോര്‍ച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, ഗാന്ധിയന്‍ എ. അയ്യപ്പന്‍പിള്ള, ഒബിസിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്‌നജിത്ത്, വൈസ് പ്രസിഡന്റ് പാറയില്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.