സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും വന്‍ തിരക്ക്

Wednesday 7 December 2016 3:21 am IST

ശബരിമല സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ട വന്‍ തിരക്ക്‌

ശബരിമല: ഡിസംബര്‍ ആറിനോട് അനുബന്ധിച്ച് ഭീകരവാദികളുടെ അക്രമം ഉണ്ടാകുമോയെന്ന ആശങ്കയില്‍ ഒരുക്കിയ പ്രത്യേകസുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ മുതല്‍ ദര്‍ശനത്തിനായുളള തീര്‍ത്ഥാടകരുടെ നീണ്ടനിര മരക്കൂട്ടംവരെ എത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് പത്തുവരെ 1,09,140 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. തിങ്കളാഴ്ച രാത്രി പത്തു മുതല്‍ ചെവ്വാഴ്ച രാവിലെ പത്തുവരെ 51,000 തീര്‍ത്ഥാടകരും ദര്‍ശനം നടത്തി. തിങ്കളാഴ്ച്ച ഒരുലക്ഷത്തി അറുപത്തിമൂവായിരം തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. ഇന്നലെ രാവിലെ 10 മുതലുള്ള കണക്ക് ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രിയില്‍ തൊണ്ണൂറായിരം പേര്‍ സന്നിധാനത്ത് തങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി ജയലളിതയുടെ അന്ത്യം അറിഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ എണ്ണം കുറഞ്ഞു. മരണവിവരത്തിന് മുമ്പ് കേരളത്തിലെത്തിയവര്‍ മാത്രമാണ് ഇന്നലെ ദര്‍ശനത്തിനെത്തിയത്. ആന്ധ്രയില്‍ നിന്നും കേരളത്തില്‍നിന്നുമുള്ള ഭക്തരാണ് ഇന്നലെ ദര്‍ശനത്തിന് എത്തിയതില്‍ ഏറെയും. നെയ്യഭിഷേകത്തിനും വന്‍തിരക്ക് അനുഭവപ്പെട്ടു.

സുരക്ഷാ പരിശോധന നടത്തിയാണ് ഭക്തരെ അകത്തേക്ക് കടത്തിവിട്ടത്. സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി വായുസേനയുടെ ഹെലികോപ്ടര്‍ ക്ഷേത്രത്തിന് മുകളിലൂടെയും ശബരിമല വനപ്രദേശങ്ങള്‍ക്ക് മുകളിലും നിരീക്ഷണപറക്കല്‍ നടത്തി. അരമണിക്കൂര്‍ ഇടവിട്ട് ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറന്നു. എയര്‍ഫോഴ്‌സിന്റെ സായുധ കമാണ്ടോകളാണ് നിരീക്ഷണം നടത്തിയത്. പമ്പയില്‍ നിന്ന് മററ് പരമ്പരാഗത പാതവഴിയും ചെറുവഴികളില്‍ കൂടിയും ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെ നടപ്പന്തലില്‍ സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധനയ്ക്ക് വിധേയരാക്കി.

മൊബൈല്‍ ഫോണുകള്‍, മററ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ സോപാനത്ത് കൊണ്ടുവരാന്‍ അനുവദിച്ചില്ല. ഇരുമുടികെട്ട് സോപാനത്ത് അഴിക്കാന്‍ ഭക്തരെ അനുവദിച്ചില്ല. ഭക്തര്‍ കൊണ്ടുവന്ന കിഴിപ്പണം തുറന്ന് പരിശോധിച്ച ശേഷമായിരുന്നു ഹുണ്ടികയില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചത്. രാവിലെ പത്തുമുതല്‍ മാത്രമാണ് സോപാനത്ത് കാണിക്കയിടാന്‍ അനുവാദം നല്‍കിയത്. സോപാനത്തെ നെയ്‌ത്തോണിയില്‍ നെയ്‌ത്തേങ്ങ പൊട്ടിച്ചൊഴിക്കാന്‍ അനുവദിച്ചില്ല. തീര്‍ത്ഥാടകരെ പതിനെട്ടാം പടിയിലൂടെയും വടക്കേനടയിലൂടെയും മാത്രമാണ് ക്ഷേത്രത്തിലേക്ക് കയറ്റിവിട്ടത്.

സോപാനത്തെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി. ബോംബ് ഡിറ്റക്ഷന്‍ആന്റ് ഡിസ്‌പോസബിള്‍ ടീമും പരിശോധന നടത്തി. സോപാനത്തിനുളളിലേക്ക് പണമോ മറ്റ് വഴിപാട് സാധനങ്ങളോ വലിച്ചെറിയാനും കയറുവാനോ അനുവദിച്ചില്ല. പടിഞ്ഞാറെ നടയില്‍ കൂടിയും മാളികപ്പുറം ഫ്‌ളൈ ഓവര്‍ വഴിയും തിരുമുററത്തേക്ക് പ്രവേശനം അനുവദിച്ചില്ല.

പരിശോധനയ്ക്ക് ശേഷമേ പാത്രങ്ങളുമായി തീര്‍ത്ഥാടകരെ നെയ്യഭിഷേകം ചെയ്യുന്നതിനായി തിരുമുററത്തേക്ക് കടത്തിവിട്ടുളളൂ. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ ഓടിയില്ല. സുരക്ഷാക്രമീകരണങ്ങള്‍ക്കായി കേരള പോലീസ് കേന്ദ്ര ദ്രുതകര്‍മ്മ സേന, ദുരന്തനിവാരണ സേന, കേരള പോലീസ് കമാണ്ടോ എന്നിവരെ കൂടാതെ ആന്ധ്രാ, കര്‍ണാടക, പോലീസിനേയും വിന്യസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.