ജയരാജനെതിരായ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുത്തരവ്

Wednesday 7 December 2016 7:17 pm IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജനെതിരായ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജയരാജനെ കൂടാതെ ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദ്, വ്യവസായ സെക്രട്ടറി പോള്‍ ആന്റണി എന്നിവരെയും പ്രതികളാക്കി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഉത്തരവിട്ടത്. വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് 42 ദിവസമാണ്. ഇപ്പോള്‍ അന്വേഷണം ആരംഭിച്ച് 55 ദിവസം പിന്നിട്ടു. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരനായ സ്വകാര്യവ്യക്തി നല്‍കിയ പ്രത്യേക ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പരാതി നല്‍കിയ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസ് എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സിന്റെ നിയന്ത്രണം കേസില്‍ എതിര്‍കക്ഷി കൂടിയായ ചീഫ്‌സെക്രട്ടറിക്കാണെന്നും ഹര്‍ജിക്കാരന്‍ പ്രത്യേക ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദില്‍ നിന്ന് വിജിലന്‍സിന്റെ ചുമതല മാറ്റണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 22ന് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.