പ്രധാനമന്ത്രിയുടെ ഭവന പദ്ധതി അട്ടിമറിയ്ക്കാന്‍ എല്‍ഡിഎഫ് നീക്കം

Wednesday 7 December 2016 9:50 pm IST

തൊടുപുഴ: പ്രധാനമന്ത്രിയുടെ ഭവന പദ്ധതി അട്ടിമറിയ്ക്കാന്‍ ഇടതുപക്ഷം സര്‍വ്വേ നടത്തിയത് ഇന്നലെ നടന്ന നഗരസഭ കൗണ്‍സിലില്‍ ബഹളത്തിനിടയാക്കി. നഗരസഭയോ ഉദ്യോഗസ്ഥരോ അറയാത്ത  പദ്ധതിക്കായി കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ എന്ന പേരിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരസഭയുടെ പേരുപയോഗിച്ച് നീക്കം നടത്തിയത്. ബിജെപി കൗണ്‍സിലര്‍ ബിന്ദു പത്മകുമാറാണ് വിഷയം അജണ്ടകള്‍ക്ക് ശേഷം ആദ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍കൂടി ബിജെപിക്കൊപ്പം ചേര്‍ന്നതോടെ രൂക്ഷമായ തര്‍ക്കത്തിലേക്ക് ഇത് വഴിമാറി. ഇതിനേ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനവുമായാണ് സംഘമായി എല്‍ഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ള സംഘം രാത്രി കാലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയത്. ഇതറിഞ്ഞ മറ്റ് വാര്‍ഡിലെ ജനങ്ങള്‍ നഗരസഭയുടെ പുതിയ ഭവന പദ്ധതിയേപ്പറ്റി ചോദ്യമുന്നയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിപിഎം ഭരിക്കുന്ന രണ്ടാം വാര്‍ഡിലും മറ്റ് ചില വാര്‍ഡുകളിലുമാണ് രഹസ്യമായി വീട് നിര്‍മ്മിച്ച് നല്‍കാം എന്നും പറഞ്ഞ് നീക്കം നടന്നത്. നഗരസഭയില്‍ പ്രധാനമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിനായുള്ള നീക്കം നടന്ന് വരുമ്പോഴാണ്് ഇത് അട്ടിമറിക്കുന്ന രീതിയില്‍ മറ്റൊരു പദ്ധതിയുമായി എല്‍ഡിഎഫ് എത്തുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ നഗരസഭ ഇതിനും ഫണ്ട് കണ്ടെത്തേണ്ടി വരുമെന്നും നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന പദ്ധതി പാളുന്നതിന് ഇത് കാരണമാകുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയുമായി ഇതിനെ ചേര്‍ക്കാമെന്ന ആവശ്യവുമായി പിന്നീട് മെമ്മേറാണ്ടം നല്‍കിയ എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.