ചെറുതോണി : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം എന്ന പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നീന്തല്‍ പരിശീലനം മണിയാറന്‍കുടി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായാണ് പോര്‍ട്ടബിള്‍ നീന്തല്‍കുളത്തില്‍ പരിശീലനം നല്‍കുന്നത്.
നിരവധി വിദ്യാര്‍ത്ഥികള്‍ നീന്തല്‍ അറിയാത്തതിന്റെ പേരില്‍ വെള്ളത്തില്‍ വീണ് അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. പഞ്ചായത്തിലെ പ്രധാന സ്കൂളുകളായ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി, മണിയാറന്‍കുടി ഗവ.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതാണ്പദ്ധതി.
കഴിഞ്ഞ വര്‍ഷം വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജിലെ 530 വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്കി. രണ്ടാം ഘട്ടമാണ് മണിയാറന്‍കുടിയില്‍ ആരംഭംകുറിച്ചിട്ടുള്ളത്.
32 അടി നീളവും 20 അടി വീതിയും 4 അടി ഉയരവുമുള്ള മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള നീന്തല്‍കുളത്തിലാണ് പരിശീലനം നല്‍കുന്നത്. 80000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ഇതിന് സാധിക്കും.
ഒരിക്കല്‍ നിറച്ച വെള്ളം എല്ലാ ദിവസവും ഓട്ടോമാറ്റിക് ഫില്‍ട്ടറിങ് യൂണിറ്റ് വഴി ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വനിതാ പരിശീലകയെയും നിയോഗിച്ചിട്ടുണ്ട്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടോമി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മെമ്പര്‍മാരായ ഷിജോ തടത്തില്‍, കെ.എം. ജലാലുദ്ദീന്‍, ആലീസ് ജോസ്, റീത്ത സൈമണ്‍, അദ്ധ്യാപക – പി.ടി.എ. പ്രസിഡന്റ് എബി ജോണ്സണ്, കെ.ആര്. രാജേന്ദ്രന്,,
പോള്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപകരായ ലിഹിയ മോഹനന് സ്വാഗതവും പി.കെ. ശശിമോന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: