വിശ്വാസമല്ല ശാസ്ത്രം

Wednesday 7 December 2016 10:14 pm IST

പഴയകാല സന്യാസിമാരില്‍ പലരും നഗ്നരും അര്‍ദ്ധനഗ്നരുമൊക്കെയായിരുന്നു. ഇപ്പോഴും ഉത്തരേന്ത്യയിലും മറ്റും നഗ്നസന്യാസിമാരെ കാണാം. ഇവരെല്ലാം ശരീരബോധത്തില്‍നിന്ന് മുക്തരായവരാണ്. പക്ഷേ 'ഞാന്‍ ആത്മാവാകുന്നു' എന്ന തത്വത്തില്‍ ഉറച്ചുപോയതുകൊണ്ട് സാധാരണ മനുഷ്യരെക്കാളും ഉയരത്തിലാണ് തങ്ങളെന്ന ധാരണയാണ് ഇവരെ നയിക്കുന്നത്. സാധാരണ മനുഷ്യന്റെ അവസ്ഥ മറ്റ് ജീവികളുടേതിനേക്കാള്‍ ഏറെ താഴെയായതുകൊണ്ട് ഇതിലല്‍പ്പം ശരിയുമുണ്ട്. ആത്മജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠമായ ജ്ഞാനം. അപ്പോള്‍ പിന്നെ ആത്മജ്ഞാനികള്‍ ശ്രേഷ്ഠന്മാരാകുന്നതില്‍ അദ്ഭുതമില്ലല്ലൊ. പക്ഷെ ഇതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിച്ചാല്‍ അല്‍പം മനസ്സമാധാനം കിട്ടും. അതാകട്ടെ എല്ലാ ജീവികളും യഥേഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്ന് താഴെ ഇറങ്ങിവന്നാല്‍ മാത്രമേ എല്ലാ ജീവികളും സഹജമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മാനന്ദം നമുക്കും അനുഭവിക്കാന്‍ കഴിയൂ. സുഷുപ്തിയില്‍ എന്താണോ ഉള്ളത് ആ സത്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുക എന്നതാണ് മാര്‍ഗ്ഗം. സമാധാനം വേണം എന്നാഗ്രഹിക്കുന്നതിലൂടെ ജീവിതകാലം മുഴുവനും നാം ഈ സത്യത്തെ തന്നെയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രാവശ്യവും നമ്മള്‍ സ്വതന്ത്രജീവിയായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ എന്ന പരിധി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീ ഈശ്വരാനന്ദ സ്വാമികള്‍, എല്ലാ ജീവികളും സഹജമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈശ്വരാനുഭൂതിയാണ് മനുഷ്യന്‍ ആത്മജ്ഞാനത്തിലൂടെ നേടിയെടുക്കുന്നതെന്ന സത്യം തുറന്നുപറഞ്ഞിട്ട് ഇത്രയുംകൂടി പറയുന്നു. ''ഇത് സാക്ഷാത്കാരത്തിന്റെ വില കുറയ്ക്കുന്നുവെന്നാണ് പരാതിയെങ്കില്‍ ഞാന്‍ അതൊരു ബഹുമതിയായി കണക്കാക്കുന്നു. എല്ലാ സാധനത്തിനും വില കുറയുന്നതാണല്ലൊ നിങ്ങള്‍ക്ക് ഇഷ്ടം. അതുകൊണ്ട് ഇതും വില കുറഞ്ഞ് പ്രയത്‌നം കുറഞ്ഞ്- ലഭിക്കുമെങ്കില്‍ അതല്ലെ നല്ലത്. ഇവിടെ ഇപ്പോള്‍ സാധിക്കുന്ന ഒരു കാര്യം നമുക്ക് അജ്ഞാതമായ മറ്റൊരവസരത്തിലേക്ക്-മറ്റൊരു ജന്മത്തിലേക്ക്- എന്തിന് നീട്ടിവയ്ക്കണം?'' മാത്രമല്ല, ഇപ്പോള്‍ സാധിക്കാതെ ഒരു കാര്യം പിന്നീട് സാധിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. നമ്മള്‍ നാളെ ഉണ്ടാകും എന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് വാഗ്ദാനങ്ങളില്‍ വിശ്വസിക്കാതിരിക്കുക. വിശ്വാസമല്ല ശാസ്ത്രം. തീര്‍ത്തും സ്വതന്ത്രമായ ഒരാളെ ആത്മീയമായോ ഭൗതികമായോ ചൂഷണം ചെയ്യാനാവില്ല. അയാള്‍ക്ക് ജീവിതവും മരണവും ഒന്നും പ്രശ്‌നമാവുകയുമില്ല. അതുകൊണ്ട് ആദ്യം നിങ്ങളെ മനുഷ്യജന്മം ശ്രേഷ്ഠമാണെന്നും ദുര്‍ലഭമാണെന്നും എന്തൊക്കെയോ നേടാനുണ്ടെന്നുമുള്ള അഹംഭാവത്തില്‍ ബന്ധിതരാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.