യുപിയില്‍ ബിഎസ്പി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

Wednesday 7 December 2016 11:10 pm IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനും ബിഎസ്പിക്കും ആര്‍എല്‍ഡിക്കും തിരിച്ചടി നല്‍കി നേതാക്കള്‍ ബിജെപിയില്‍. ബിഎസ്പി എംഎല്‍മാരായ ഇന്ദര്‍പാല്‍ സിംഗ്, മംതേഷ് ശാക്യ, മുന്‍ മുഖ്യമന്ത്രി ശ്രീപദ് മിശ്രയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാകേഷ് മിശ്ര, ആര്‍എല്‍ഡി മുന്‍ സംസ്ഥാന അധ്യക്ഷന്‍ മുന്ന സിംഗ് ചൗഹാന്റെ ഭാര്യ ശോഭാ സിംഗ് ചൗഹാന്‍ എന്നിവരാണ് ബിജെപിയിലെത്തിയത്. ലക്‌നൗ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് കേശവ് പ്രസാദ് മൗര്യ ഇവരെ അംഗത്വം നല്‍കി സ്വീകരിച്ചു. ഏതാനും മാസങ്ങളായി ബിഎസ്പിയും കോണ്‍ഗ്രസും ഉപേക്ഷിച്ച് നേതാക്കള്‍ ബിജെപിയിലെത്തുന്നുണ്ട്. എന്നാല്‍ ആര്‍എല്‍ഡിക്ക് ഇത് ആദ്യ അനുഭവമാണ്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് രാകേഷ് മിശ്ര. മുന്‍ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയേറ്റത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ശബ്‌നം പാണ്ഡെ ബിജെപി അംഗമായിരുന്നു. ബിഎസ്പി പ്രതിപക്ഷ നേതാവ് സ്വാമി പ്രസാദ് മൗര്യ, മുതിര്‍ന്ന നേതാവ് ബ്രജേഷ് പതക്ക് എന്നിവരും അടുത്തിടെ ബിജെപിയിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്രമോദിയും അമിത് ഷായും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ റാലികള്‍ നടത്തിവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.