ഹരിത കേരള മിഷന്‍: മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏറെ മുന്നേറി പയ്യന്നൂര്‍ മുനിസിപ്പാലിറ്റി

Thursday 8 December 2016 12:57 am IST

പയ്യന്നൂര്‍: ഹരിതകേരള മിഷന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന-ജലസംരക്ഷണ രംഗത്ത് വ്യത്യസ്ത പരിപാടികളുമായി മുന്നേറുകയാണ് പയ്യന്നൂര്‍ മുനിസിപ്പാലിറ്റി. പ്ലാസ്റ്റിക് ശേഖരണം, സംസ്‌ക്കരണം, തുണി സഞ്ചി വിതരണം, പുഴയും കുളങ്ങളും വൃത്തിയാക്കല്‍ ഇങ്ങനെ നീളുന്നു ഈ രംഗത്ത് നഗരസഭ നടപ്പാക്കിയ പരിപാടികള്‍. ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവയില്‍ പ്രധാനം. പ്ലാസ്റ്റിക് കാരി ബാഗ് ഘട്ടംഘട്ടമായി നിരോധിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ 12,500 തുണിസഞ്ചികളാണ് വീടുകളില്‍ വിതരണം ചെയ്തത്. ജനുവരി ഒന്നുമുതല്‍ 50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം നഗരസഭയെ ഡിസ്‌പോസബ്ള്‍ മുക്തമാക്കാനുള്ള പരിപാടികളും ആരംഭിച്ചു. ഹരിതകേരള മിഷന്‍ ലോഞ്ചിംഗ് ദിനമായ ഇന്ന് (ഡിസംബര്‍ എട്ട്) മുതല്‍ പാത്രവുമായെത്തി പാര്‍സല്‍ വാങ്ങുന്നവര്‍ക്ക് ഹോട്ടലുകളില്‍ നിന്ന് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഇന്നത്തെ പ്ലാസ്റ്റിക് ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം നേരത്തേ വിളിച്ചിരുന്നു. തുണിസഞ്ചിയുമായി ഷോപ്പിംഗിനെത്തുന്നവര്‍ക്ക് ഇന്ന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്ന പരിപാടിയുമുണ്ട്. സ്‌കൂളുകള്‍ വഴിയും വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് ടാറിംഗിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതി മൂരിക്കൊവ്വലിലെ സംസ്‌ക്കരണ കേന്ദ്രത്തില്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കിടയിലും നടത്തിയ ശക്തമായ ബോധവല്‍ക്കരണമാണ് പരിപാടിയുടെ വിജയത്തിനു പിന്നിലെന്ന് നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു. ജനങ്ങളും വ്യാപാരികളും മാലിന്യനിര്‍മാര്‍ജന പദ്ധതികളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ നഗരസഭ പ്രത്യേക വീഡിയോ പരസ്യം നിര്‍മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടൊപ്പം വിദ്യാര്‍ഥികളെയും ബോധവല്‍ക്കരണ ശ്രമങ്ങളില്‍ പങ്കാളികളാക്കി. ഹരിതകേരള മിഷന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വിപുലമായ പരിപാടികളാണ് നഗരസഭയില്‍ നടക്കുക. മുനിസിപ്പല്‍ തല ഉദ്ഘാടനത്തിന്റെ ഭാഗമായി തായിനേരി കീരിത്തോട് ശുചീകരണം ജൈവ പച്ചക്കറി കൃഷിയും നടക്കും. അതോടൊപ്പം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ മാലിന്യസംസ്‌ക്കരണ- ജലസംരക്ഷണ പ്രവൃത്തികള്‍ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.