കേരളത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

Friday 20 April 2012 5:05 pm IST

ന്യൂദല്‍ഹി: കേരളത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്കു കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അധ്യക്ഷന്‍ മോണ്ടെക്സിങ് അലുവാലിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. 2012-13 സാമ്പത്തിക വര്‍ഷത്തേക്കു 14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതികളാണു സംസ്ഥാനം സമര്‍പ്പിച്ചത്. ഴിഞ്ഞ തവണയെക്കാള്‍ പതിനാറു ശതമാനം അധികമാണ്‌ ഇത്തവണത്തെ വാര്‍ഷിക പദ്ധതി വിഹിതം. 2000 കോടി രൂപ അധികമായി കേരളത്തിന്‌ ലഭിച്ചു. സംസ്ഥാനം 600 കോടി രൂപയുടെ അധിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ 320 കോടി രൂപയുടെ അധിക സഹായം അനുവദിച്ചു. കൃഷിക്കും അനുബന്ധ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണു പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ആദ്യമായി മാലിന്യ നിര്‍മാര്‍ജനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 1288.47 കോടി രൂപ കാര്‍ഷിക മേഖലയ്ക്കു മാത്രമായി നീക്കിവച്ചിരിക്കുന്നു. സാമൂഹ്യ സേവനമേഖല (4650 കോടി രൂപ), തദ്ദേശ ഭരണസ്ഥാപനം (3228 കോടി രൂപ), ഗ്രാമവികസനം (751.66 കോടി രൂപ) എന്നിങ്ങനെയാണ് ഓരോ മേഖലയ്ക്കും അനുവദിച്ചിട്ടുള്ള വിഹിതം. ധനമന്ത്രി കെ.എം. മാണി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.