ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Thursday 8 December 2016 1:09 am IST

തലശ്ശേരി: കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തലശ്ശേരിയില്‍ തിരിതെളിഞ്ഞു. 14 വേദികളിലായി 297 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 7000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് ഒരു ദിവസം താമസിച്ചാണ് മേള ആരംഭിച്ചത്. ഉദ്ഘാടന ദിവസം നടക്കേണ്ട മത്സര ഇനങ്ങള്‍ ഞായറാഴ്ച നടക്കും. ഇന്നലെ രാവിലെ എ.എന്‍.ഷംസീര്‍ എംഎല്‍എ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി.സജിത, ടി.എം.റുക്‌സാന, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ മഠത്തില്‍, ശരത് കുമാര്‍,ഉബൈദുളള,ലിസി വര്‍ഗീസ്,ടി.നേപിയര്‍,ശരത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.ബാബുരാജ് സ്വാഗതവും പി.ഇസ്മയില്‍ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍ നടക്കുക. നഗരത്തിലെ വിവിധ സ്‌കൂളുകളിലായി 14 വേദികളില്‍ നടക്കുന്ന കലാമത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. പ്രധാന വേദിയായ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഭരതനാട്യവും നാടോടി നൃത്തവും അരങ്ങേറി. മറ്റു വേദികളില്‍ കാവ്യകേളി, അക്ഷരശ്ലോകം, പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങിയവയും ബിഇഎംപി സ്‌കൂളിലെ വേദികളില്‍ ഓട്ടന്‍തുള്ളല്‍, കഥാപ്രസഗം എന്നിവയും സേക്രട്ട് ഹാര്‍ട്ടില്‍ മോഹിനിയാട്ടവും സ്‌റ്റേഡിയത്തില്‍ ഒരുക്കിയ വേദികളില്‍ ഒപ്പന, നാടകം എന്നിവയും സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഒരുക്കിയ 4 വേദികളിലായി ദേശഭക്തിഗാനം, ഓടക്കുഴല്‍, അഷ്ടപതി, സംസ്‌കൃത പ്രസംഗം, ഖുറാന്‍ പാരായണം#, അറബിക് പദ്യംചൊല്ലല്‍ എന്നിവയുമാണ് അരങ്ങേറിയത്. ജില്ലാ കലോത്സവ പരിപാടി ഒരു പ്രമുഖ സംഘടന ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരതനാട്യ മത്സര വേദിയില്‍ തലശ്ശേരിയിലെ ഒരു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേരത്തെ നടന്ന ചുമര്‍ചിത്ര രചനയുടെ ഉദ്ഘാടനം നടത്തിയതും അത്കാരണം മത്സരങ്ങള്‍ വൈകിയതും വിവാദമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.