ന്യൂദൽഹി: വിജനമായ ദ്വീപുകൾ കേന്ദ്രമാക്കി ഭീകര സംഘടനകൾ ഭാരതത്തിനെതിരെ നിരവധി ആക്രമണ പദ്ധതികൾ മെനയുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള പുത്തൻ തന്ത്രങ്ങൾ അടുത്തിടെ ഭീകരർ രൂപപ്പെടുത്തിയ വിവരം വിവിധ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിനോട് ചേർന്ന് കിടക്കുന്ന ചില ദ്വീപുകളിൽ ലഷ്കറെ ത്വയ്ബ ഭീകരർ രഹസ്യകേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട് എന്ന വിവരവും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മ്യാന്മറിൽ നിന്നും ചില ഭീകരരും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം രഹസ്യ പദ്ധതികൾ മെനയുന്നുണ്ട്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരസംരക്ഷണ സേന കൂടുതൽ ജാഗരൂകരാകണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നും ഒരു തരത്തിലും ഭീകരർ രാജ്യാതിർത്തി കടക്കരുത് എന്ന കർശന നിർദ്ദേശമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡ്, നേവി എന്നീ സേനാ വിഭാഗങ്ങൾ കൂടുതൽ പട്രോൾ ബോട്ടുകൾ സമുദ്രത്തിൽ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: