വാളക്കോട് പാലം പുനര്‍നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

Friday 9 December 2016 10:10 am IST

പുനലൂര്‍: റയില്‍വേ ദേശീയപാത ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വാളക്കോട് പാലം പുനര്‍നിര്‍മ്മാണം ത്രിശങ്കുവിലായി. ദേശീയപാതയില്‍ പുനലൂരിനും കലയനാടിനും മധ്യേ സ്ഥിതിചെയ്യുന്ന വാളക്കോട് റയില്‍വേ മേല്‍പാലം അപകടത്തിലായിട്ട് നാളുകളേറെയായി. പാലത്തിന്റെ കൈവരിയായി വശങ്ങളില്‍ അടുക്കിയിരുന്ന കരിങ്കല്‍തുണ്ടുകളെല്ലാം ഇളകിയ നിലയിലാണ്. ബ്രിട്ടീഷുകാര്‍ കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച പാലം കഴിഞ്ഞ വര്‍ഷം പുനര്‍നിര്‍മ്മിക്കുന്നതിനായി ദേശീയപാത അധികൃതരും റെയില്‍വേയും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിച്ചിരുന്നു.പിന്നീട് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ സൗന്ദര്യ പിണക്കമാണിപ്പോള്‍ പാലം പണിക്ക് തടസമായിരിക്കുന്നത്. പുനലൂര്‍, ഇടമണ്‍ റയില്‍വേ റീച്ചിലെ പണി മുക്കാലും തീര്‍ന്നെങ്കിലും ഈ പാതയിലുള്ള വാളക്കോട് മേല്‍പാലം പണി തുടങ്ങാന്‍ പോലുമാകാത്തത് പാതയിലെ ട്രയിന്‍ ഓട്ടത്തിന് തടസമായേക്കും.ദേശിയ പാതയിലെ ഈ പാലത്തിലൂടെ ദിനം പ്രതി ആയിരകണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്.ശബരിമല സീസണായതോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാനാകൂ എന്നതിനാല്‍ ഇവിടെ മണിക്കൂറുകളോളം ഗതാഗതതടസം പതിവാണ്. പാലം അപകടത്തിലായതോടെ 15 ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങള്‍ കടക്കരുതെന്ന ബോര്‍ഡ് സ്ഥാപിച്ച് ദേശീയപാത അധികൃതര്‍ കയ്യൊഴിഞ്ഞു. മുപ്പതും നാല്പതും ടണ്‍ ഭാരം കയറ്റിയ കൂറ്റന്‍ ടോറസുകളും കണ്ടയ്‌നറുകളുമാണിതുവഴി പോകുന്നത്. ഇവയുടെ വശങ്ങള്‍ തട്ടിയാണ് പാലത്തിന്റെ സൈഡിലെ കരിങ്കല്‍ പാളികള്‍ ഇളകുന്നത്. കാല്‍നടക്കാര്‍ക്കായി പാലത്തില്‍ നടപ്പാതയില്ലാത്തതിനാല്‍ ഇവര്‍ ബുദ്ധിമുട്ടിലാണ്. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന വാളക്കോട് എന്‍എസ്‌വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പാലം കടക്കുന്നതിനായി രാവിലേയും വൈകിട്ടും വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം കാലപഴക്കത്താല്‍ അപകടാവസ്ഥയിലായിട്ടും പാലം പുനര്‍നിര്‍മ്മിക്കുവാന്‍ സ്ഥലം എംപിയും എംഎല്‍എയുമടക്കമുള്ളവര്‍ നടപടികളെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.