ഇടത്താവളത്തിലേക്കുള്ള വഴി മണ്ണിട്ടു നികത്തുന്നു

Thursday 8 December 2016 8:58 pm IST

സീതത്തോട്: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ സീതത്തോട് ശ്രീ മഹാദേവി ക്ഷേത്രക്കടവിലേക്കുള്ള വഴി പഞ്ചായത്ത് മണ്ണിട്ടു നികത്തുന്നു. ഭക്തജനങ്ങളുടെ ബാഹുല്യമുണ്ടാകുമ്പോള്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടുന്ന പാതയാണിത്. കൂടാതെ അച്ചന്‍കോവില്‍ ചിറ്റാര്‍ വഴി പോകുന്ന ഭക്തജനങ്ങളുടെ പ്രധാന വിശ്രമകേന്ദ്രവുമാണ്. ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സീതത്തോട് പഞ്ചായത്തിനനുവദിക്കാറുള്ള അഞ്ചു ലക്ഷം രൂപയില്‍ 45000 രൂപ ക്ഷേത്രക്കടവില്‍ വിരിവക്കാനും വിശ്രമ സൗകര്യം ഒരുക്കുന്നതിനായും നല്‍കി വന്നിരുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി ഈ തുക ഇത്തവണ അനുവദിച്ചില്ല. ഇതിനെതിരായ പരാതിയില്‍ പഞ്ചായത്ത് ഭരണ സമിതി ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന് പുതിയ കെട്ടിടം പണിയുന്നിടത്തു നിന്ന് മാറ്റുന്ന മണ്ണാണ് ക്ഷേത്രക്കടവിലേക്കുള്ള വഴി അടക്കുന്നതിന് ഉപയോഗിക്കുന്നത്. മണ്ണു നീക്കം ചെയ്യുന്നതിനാവശ്യമായ അനുമതികള്‍ ഒന്നും പഞ്ചായത്ത് വാങ്ങിയിട്ടുമില്ല. അനധികൃതമായി മണ്ണ് ലോറികളില്‍ നീക്കം ചെയ്യുന്നത് പോലീസിന്റെ കണ്‍മുന്നിലായിട്ടും നടപടി എടുക്കുന്നില്ല. പഞ്ചായത്തിന്റെ മണ്ണ് പഞ്ചായത്തിന്റെ സ്ഥലത്തേക്കു മാറ്റുന്നതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും, ബന്ധപ്പെട്ട വാര്‍ഡുമെമ്പറും പറയുന്നത്. നടപടിയില്‍ പ്രധിഷേധിച്ച് ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണുമായി വന്ന ലോറി ഇന്നലെ തടഞ്ഞു. ക്ഷേത്രക്കടവിലേക്കുള്ള വഴി അടക്കുന്നത് നിര്‍ത്തി വച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളാരംഭിക്കുമെന്ന് ബിജെപി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.