പമ്പ ശബരി സര്‍വീസിന് സ്‌പെഷ്യല്‍ ചാര്‍ജ് വാങ്ങും : മന്ത്രി എ.കെ. ശശീന്ദ്രന്‍

Thursday 8 December 2016 9:39 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച പമ്പ ശബരി സര്‍വ്വീസിന് സ്‌പെഷ്യല്‍ ചാര്‍ജ് വാങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ഡിപ്പോയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുള്ളതെന്നും ഈ സര്‍ക്കാര്‍ ചാര്‍ജ് കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന്റ മറവില്‍ എരുമേലി-പമ്പ സര്‍വ്വീസിന് കെഎസ്ആര്‍റ്റിസി തീര്‍ത്ഥാടകരില്‍ നിന്നും 115 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന സര്‍വ്വീസിന് 56 രൂപയാണ് വാങ്ങുന്നത്. ഇതിന്റെ രണ്ടിരിട്ടി ചാര്‍ജാണ് ശബരി സര്‍വ്വീസിന് ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം കഴിഞ്ഞ ദിവസം 'ജന്മഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസെന്ന പേരില്‍ രണ്ടിരട്ടി ചാര്‍ജ് വാങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. കടം വാങ്ങിയാണ് കെഎസ്ആര്‍ടിസി യില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നത്. പ്രതിസന്ധികളുണ്ടെന്നും അപാകതകള്‍ പരിഹരിക്കുന്നതിന്് നടപടികള്‍ ഉണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും, തീര്‍ത്ഥാടക വാഹനങ്ങളുടെ അപകടങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഓട്ടോകളില്‍ തീര്‍ത്ഥാടകര്‍ ദൂരപരിധി ലംഘിച്ച് വരുന്നത് തടയുമെന്നും ഇതിന് വാഹന വകുപ്പ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം എന്‍ സിപി ദേശീയ സമിതിയംഗം പി.എ. താഹ, ജില്ലാ പ്രസിഡന്റ് ജോബി കേളിയംപറമ്പില്‍, പഞ്ചായത്തംഗം ബീന ജോബി എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.