കനകജൂബിലിയിലും മെഡിക്കല്‍ കോളേജ് സ്‌കൂളില്‍ കായിക വിദ്യാലയം തുറക്കാന്‍ നടപടിയില്ല

Thursday 8 December 2016 9:45 pm IST

ഗാന്ധിനഗര്‍: ലോക പ്രശസ്തരായ കായികതാരങ്ങളെ വാര്‍ത്തെടുത്ത ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് സ്‌കൂള്‍ കനക ജൂബിലിവര്‍ഷത്തിലും അടച്ചുപൂട്ടിയ കായിക വിദ്യാലയം തുറക്കാന്‍ അധികൃതര്‍ക്കു താല്‍പര്യമില്ല. 8,9,10 ക്ലാസുകളായി 1976 ലാണ് ജില്ലയില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളായി ഈ വിദ്യാലയത്തില്‍ കായിക വിദ്യാഭ്യാസം നല്‍കിവന്നിരുന്നത്. നിരവധി ദേശീയ, അന്തര്‍ദേശീയ പ്രതിഭകളെ വാര്‍ത്തെടുക്കുവാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിരുന്നു. പത്മശ്രീ ഷൈനി വില്‍സണ്‍, അര്‍ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, രഞ്ജിത് മഹേശ്വരി, തങ്കമണി (ഇന്ത്യന്‍ റെയില്‍വെ), ജെസിമോള്‍ ഉലഹന്നാന്‍ (നെയ്‌വേലി ലിഗ് നൈറ്റ്), ജയിംസ് പി.സി. (ഇന്ത്യന്‍ റെയില്‍വെ), ഉണ്ണി മാധവന്‍ (കോട്ടയം മെഡിക്കല്‍ കോളേജ്), നിക്കോളാസ് സെബാസ്റ്റ്യന്‍ (ഇന്ത്യന്‍ റെയില്‍വെ), 100 മീറ്ററില്‍ ഏറ്റവും വേഗംകൂടിയ ഓട്ടക്കാരന്‍ ഷെമീര്‍മോന്‍ (ഇന്ത്യന്‍ ആര്‍മി) തുടങ്ങി കായിക പരിശീലനരംഗത്ത് പ്രവര്‍ത്തിക്കുന്ന 14ഓളം അദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതില്‍ വന്ന വീഴ്ചയാണ് 1979-ല്‍ കായിക കേരളത്തിന് കനത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ട് ഈ വിദ്യാലയം അടച്ചുപൂട്ടിയത്. എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഒരുക്കി കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ ഈ വിദ്യാലയം തുറക്കണമെന്നുതന്നെയാണ് നാട്ടുകാരുടെ ആവശ്യം. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുട്ടികള്‍ക്ക് പഠിക്കുന്നതിനുവേണ്ടി 1966ലാണ് ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. വാസുദേവന്‍ നായരായിരുന്നു പ്രധമാദ്ധ്യാപകന്‍. അപ്പര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ ആദ്യ ബാച്ചില്‍ 26 കുട്ടികളാണുണ്ടായിരുന്നത്. 1968-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. കെ.പി. ഗോപാലകൃഷ്ണന്‍ നായര്‍ പ്രഥമാദ്ധ്യാപകനായി. അന്നത്തെ വിദ്യാര്‍ത്ഥികളില്‍ പലരും മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെയും ഡോക്ടര്‍മാരുടെ കുട്ടികളായിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളില്‍ ആരും മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ കുട്ടികളില്ല. 1984-ല്‍ ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ വൊക്കേ,ണല്‍ ഹയര്‍ സെക്കണ്ടറിയും 2000-ല്‍ പി.ജെ. ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ ഹയര്‍ സെക്കണ്ടറി സ്‌കൂളായും ഉയര്‍ത്തി. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ ആരംഭ പ്രവര്‍ത്തനവും ഇവിടെ തുടങ്ങി. എന്നിട്ടും അടച്ചുപൂട്ടിയ കായിക വിദ്യാലയം തുറക്കുവാന്‍ അധികൃതര്‍ നടപടിയെടുത്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.